കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹ സംഗമം പരിപാടി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
അയോധ്യ കൊണ്ട് മാത്രമല്ല നരേന്ദ്ര മോദി അധികാരത്തില്‍ വന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ചെപ്പടിവിദ്യ അല്ല, വികസനം മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് തേടുന്നത്. എന്നാല്‍ ചിലര്‍ രാമക്ഷേത്രം മാത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വേട്ടയാടുന്നതുകൊണ്ട് അദ്ദേഹത്തെയും ബിജെപിയെയും ഇല്ലാതാക്കാമെന്നാണ് ചിലരുടെ വ്യാമോഹം. ഇത്തരം പ്രചാരണം കൊണ്ട് തൃശൂരിലെ ജനങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ പിന്തുണ നല്‍കാനേ സഹായിക്കുകയുള്ളു.
രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ പങ്കെടക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ കഴിയാത്തത് നാട്ടിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനാവാത്തതാണ്. ഇതിലൂടെ ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
രാജ്യത്തിന്റെ വികസനം മോദിയുടെ കൈകളില്‍ ഭദ്രമാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഫാ. ഷൈജു കുര്യന്‍ പറഞ്ഞു. 50 വര്‍ഷമായി ഇന്ത്യന്‍ പൗരനാണ് താന്‍. പല തവണയുടെ സഭയുടെ ഭാഗമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായി. കഴിഞ്ഞ അറുപത് വര്‍ഷത്തെക്കാള്‍ വികസനമാണ് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വികസനം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.