ബംഗളൂരു : സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത. അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു.
ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ് പുഷ്പലത. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് പുഷ്പലതയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് സ്‌കൂളില്‍ നിന്ന് പഠനയാത്ര നടത്തിയത്. ചിക്കബല്ലാപ്പൂരിലേക്ക് നടത്തിയ ഒരു പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തിയത്.
വിദ്യാര്‍ഥിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിച്ചത്. അമിത് സിംഗ് രജാവത്ത് എന്നയാള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് വൈറലായത്. അധ്യാപിക വിദ്യാര്‍ഥി പ്രണയ ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ഫോട്ടോകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇവര്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ബിഇഒ വി ഉമാദേവി സ്‌കൂളിലെത്തി അന്വേഷണം നടത്തിയതിനെ പിന്നാലെയാണ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
 മറ്റൊരു വിദ്യാര്‍ഥിയെ കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നും ബിഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *