കുവൈത്ത് സിറ്റി: അനധികൃതമായി സ്ഥാപിച്ച 17 ക്യാമ്പുകൾ നീക്കം ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അഹമ്മദി ഗവർണറേറ്റിലെ പൊതുശുചിത്വ, റോഡ് പ്രവൃത്തി വകുപ്പിന്റെ സൂപ്പർവൈസറി ടീമാണ് ക്യാമ്പുകൾ നീക്കം ചെയ്തത്.
മുനിസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാത്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കരുതെന്നും ക്യാമ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിബന്ധനകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി സ്പ്രിംഗ് ക്യാമ്പുകൾ സ്ഥാപിക്കാൻ നവംബർ മുതൽ റിസർവേഷനുകളും ലൈസൻസ് വിതരണവും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.
അടുത്ത വർഷം മാര്‍ച്ച് അവസാനം വരെയാണ് ഈ സീസണിലെ സ്പ്രിംഗ് ക്യാമ്പ് സമയം. അപകടങ്ങള്‍ കുറക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ നടപടികള്‍ ക്യാമ്പുകളിൽ ശക്തമാക്കിയിട്ടുണ്ട്.