തിരുവനന്തപുരം: നേര്‍ക്കുനേര്‍ കണ്ടിട്ടും അടുത്തടുത്തിരുന്നിട്ടും പരസ്പരം ഒന്നും പറയാതെ, ഹസ്തദാനമോ അഭിവാദ്യമോ ചെയ്യാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. രണ്ടു പേരുടെയും മുഖഭാവങ്ങളില്പോലും സൗഹൃദ ഭാവങ്ങളില്ലായിരുന്നു.
രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭരണഘടനാപരമായ കര്‍ത്തവ്യ നിര്‍വ്വഹണം മാത്രം നടത്തി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുകപോലും ചെയ്യാതെ വേദിവിട്ടു.
ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. തൊട്ടുപിന്നാലെ കെബി ഗണേശ് കുമാറും. ഇരുവര്‍ക്കും ഗവര്‍ണറും മുഖ്യമന്ത്രിയും പൂച്ചെണ്ടുകള്‍ കൈമാറി. ചടങ്ങു കഴിഞ്ഞ ഉടന്‍ പുതിയ മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഗവര്‍ണര്‍ മടങ്ങി. തൊട്ടുപിന്നാലെ ഗവര്‍ണറുടെ ചായസര്ക്കാരത്തിനുപോലും നില്‍ക്കാതെ മുഖ്യമന്ത്രിയും ക്ലിഫ് കൗസിലേയ്ക്കു മടങ്ങി.
കഴിഞ്ഞ ഒരു വര്‍ഷമായി ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതാണ് സാഹചര്യം. ഗവര്‍ണറെ ഭരണകക്ഷി സംഘടനകള്‍ തെരുവില്‍ പ്രതിഷേധിച്ചപ്പോള്‍ തെരുവില്‍ തന്നെ വില്ലുവിളിയുമായി ഗവര്‍ണറും രംഗത്തിറങ്ങിയിരുന്നു.