തിരുവനന്തപുരം: മാനസിക, ജോലി സമ്മർദ്ദം കാരണം പോലീസിൽ ആത്മഹത്യകൾ വൻതോതിൽ കൂടുന്നതിനിടെ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് തലസ്ഥാനത്ത ഒരു ഡി.ഐ.ജി പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായ പൊലീസുകാരനെ പരസ്യമായി തെറിവിളിച്ചെന്ന് ആരോപണം.
തെറിവിളിക്ക് വിധേയനായ പോലീസുകാരൻ തന്നെയാണ് പോലീസ് സംഘടനയുടെ വാട്സ്ആപ്പിൽ ഇക്കാര്യം രേഖാമൂലം എഴുതിയിട്ടത്. സംഘടന  ഇത്ര ശക്തമായ കാലത്തും മേലുദ്യോഗസ്ഥരുടെ  ആട്ടും തുപ്പും സഹിച്ചു ഡ്യൂട്ടി ചെയ്യുക എന്നുള്ളത് ആത്‍മാഭിമാനമുള്ള പോലീസുകാരെ ആത്മഹത്യയിലേക്ക് നയിക്കുമെന്നാണ് പോലീസുകാരന്റെ വാട്സ്ആപ്പ് കുറിപ്പിലുള്ളത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിൽ ജനക്കൂട്ടം നോക്കിനിൽക്കവേയായിരുന്നു ഡി.ഐ.ജിയുടെ പരാക്രമം. തിരുവനന്തപുരത്ത് കൊണ്ടുവന്ന് ശിക്ഷാ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്

കണ്ണൂരിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ഡി.ഐ.ജി. സുരക്ഷയ്ക്കായി കണ്ണൂരിലെ ഒരു എസ്.പി തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും (പി.എസ്.ഒ) ഡ്രൈവറെയും അയച്ചു.
വടകരയിലുള്ള ഡി.ഐ.ജിയുടെ വീട്ടിലെത്തിയ ഇവർ വിവാഹ ചടങ്ങിനു ശേഷം ഡി.ഐ.ജിയെ കോഴിക്കോട്ടെത്തിച്ചു. അവിടെ അദ്ദേഹത്തെ അനുഗമിക്കാൻ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് 2 സേനാംഗങ്ങളെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ ഡി.ഐ.ജി സ്റ്റേഷനിലെത്തിയപ്പോൾ ഈ പൊലീസുകാർ അവിടെയുണ്ടായിരുന്നില്ല.
ഇത് പി.എസ്.ഒയുടെ കുഴപ്പമാണെന്ന് പറഞ്ഞാണ് ഡി.ഐ.ജി അസഭ്യവർഷം നടത്തിയതെന്നാണ് ആരോപണം. പി.എസ്.ഒ പൊലീസ് സംഘടനാ നേതാക്കൾക്ക് പരാതി നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടണമെന്നാണ് ആവശ്യം.

അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്ത പൊലീസുദ്യോഗസ്ഥർ 69 പേരാണ്. പന്ത്രണ്ടു പേർ ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യകൾ കൂടിയതിനെത്തുടർന്ന് പൊലീസ് ശേഖരിച്ച കണക്കിലാണ് ഈ വിവരങ്ങൾ

2019ജനുവരി മുതൽ കഴിഞ്ഞ സെപ്തംബർ വരെയാണ് 69 ആത്മഹത്യകൾ. ഇതിൽ 32 സിവിൽ പൊലീസ് ഓഫീസർമാർ, 16 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 8ഗ്രേഡ് എസ്.ഐമാർ, ഒരു ഇൻസ്പെക്ടർ എന്നിവരുണ്ട്.
ഇക്കൊല്ലം സെപ്തംബർ വരെ 5പേർ ആത്മഹത്യാശ്രമം നടത്തി. 2021, 21 വർഷങ്ങളിൽ രണ്ടുവീതവും 2022ൽ മൂന്നും പൊലീസുകാർ ജീവനൊടുക്കാൻ ശ്രമിച്ചു. ആറു വീതം സി.പി.ഒമാരും സീനിയർ സി.പി.ഒമാരുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക, ജോലി സമ്മർദ്ദമാണ് ഭൂരിഭാഗം സംഭവങ്ങളിലും കാരണങ്ങൾ.
2019ൽ 18, 2020ൽ10, 2021ൽ 8, 2022ൽ 20, 2023ൽ-13 പോലീസുകാരാണ് ജീവനൊടുക്കിയത്. അടിക്കടിയുള്ള പോലീസുകാരുടെ ആത്മഹത്യ തടയാൻ 9 നിർദ്ദേശങ്ങളുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരുന്നു.. വ്യക്തിപരമായതും ജോലി സംബന്ധവുമായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം,
പൊലീസ് ഉദ്യോഗസ്ഥർക്ക് അരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ വേദി ഒരുക്കണം, വീക്കിലി ഓഫും അനുവദനീയമായ അവധികളും നൽകണം, മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ഇടപടെലുകൾ ഉണ്ടാകണം,
യോഗ പരിശീലനം വേണം, ആവശ്യമായ സമയത്ത് ചികിത്സ നൽകണം, മാനസിക പരിമുറുക്കം കുറയ്ക്കാൻ ഉദ്യോഗസ്ഥരെ സ്വയം പ്രാപ്തരാക്കണം, എല്ലാ ജില്ലയിലും കൗൺസലിംഗ് സൗകര്യം വേണം എന്നിവയാണ് നിർദ്ദേശങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *