തോപ്പുംപടി: ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരി ഹാർബർ പാലത്തിലൂടെയുള്ള രാത്രിയാത്ര ദുഷ്കരമാകുന്നു. മാസങ്ങളായി വഴിവിളക്കുകൾ തെളിയാത്തതാണ് കാരണം. വെളിച്ചം ഇല്ലാത്തതിനാൽ രാത്രിയിൽ പാലത്തിൽ നിന്ന് കായലിലേക്ക് അറവ് മാലിന്യവും തള്ളുന്നതും പതിവായി. പാലത്തിൽ പിടിച്ചുപറിയും മോഷണവും വർദ്ധിച്ചതായും സമീപത്തെ വ്യാപാരികൾ പറയുന്നു. ഇരുട്ടുമറയാക്കി പാലത്തിന് താഴെ സാമൂഹ്യവിരുദ്ധരും താവളമാക്കിയിരിക്കുകയാണ്.
ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പൊതു മരാമത്ത് വകുപ്പാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്ക് നടത്തുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകാതിരിക്കാനുള്ള ഇരുമ്പ് ഗ്രിൽ ഒരു ഭാഗത്ത് മാത്രമേ സ്ഥാപിച്ചിട്ടുള്ളത്.
എറണാകുളം ഭാഗത്ത് ഗ്രിൽ സ്ഥാപിച്ചിട്ടില്ല. ഇതിനാൽ ജില്ലയ്ക്ക് പുറത്തുനിന്ന് വരുന്ന വലിയ ഹനങ്ങൾ പാലത്തിൽ കടക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും പതിവായിട്ടുണ്ട്. സ്ഥലം എം.എൽ.എ, ഡിവിഷൻ കൗൺസിലർ, എം.പി എന്നിവർ ഇടപെട്ട് പാലത്തിന്റെ ശോച്യാവസ്ഥക്ക് മാറ്റം വരുത്തണമെന്ന് കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് ഭാരവാഹി കെ.എസ്.ഷൈൻ ആവശ്യപ്പെട്ടു.