റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഈ മരുഭൂമി പശ്ചാത്തലമായി വരുന്ന രാസ്ത എന്ന അനീഷ് അൻവർ ചിത്രം ജനുവരി 5 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഒമാനിലെ ഇബ്രി മുതൽ സൗദി അറേബ്യ, യെമൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിയിലായി പടർന്നുകിടക്കുന്ന റുബൽ ഖാലി മരുഭൂമിയുടെ വലിപ്പം ആറര ലക്ഷം കിലോമീറ്റർ സ്‌ക്വയർ ആണ്.
ഒമാനിൽ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമ കൂടിയാണ് രാസ്ത. അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമിയാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ റുബൽ ഖാലി. സൗദി അറേബ്യയുടെ കണക്കുപ്രകാരം കഴിഞ്ഞ വർഷം ഇവിടെ കാണാതായത് 131 പേരാണ്, അതിൽ 20 ഓളം പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ഇല്ല. ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന റുബൽ ഖാലിയിൽ ആളുകൾക്ക് അതിജീവിക്കാൻ കഴിയാതെ പോകുന്നത് ശക്തമായ ചൂടും ഇടയ്ക്കിടെ ഉണ്ടാവുന്ന അതിശക്തമായ പൊടിക്കാറ്റും കാരണമാണ്. ഒപ്പം ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പുകളും റുബൽ ഖാലി എന്ന അത്ഭുതങ്ങൾ ഒളിച്ചിരിക്കുന്ന ലോകത്തുണ്ട്.
ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയിൽ എത്തിച്ചേരുന്ന നാലുപേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനിടയിൽ അവർ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കിയാണ് രാസ്ത എന്ന സർവൈവൽ ചിത്രം എത്തുന്നത്.
ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ചെയ്തത്. ജൂൺ എന്ന സിനിമയിലൂടെ എത്തിയ സർജനോ ഖാലിദ്, അനഘ നാരായണൻ, ടി ജി രവി, സുധീഷ്, ഇർഷാദ് അലി, ആരാധ്യ ആൻ തുടങ്ങിയവർക്ക്‌ ഒപ്പം ജിസിസിയിലെ പ്രമുഖ താരങ്ങൾ ആയ ഫക്രിയ കാമിസ്, കാമിസ് അൽ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചത് അലു എന്റർടൈൻമെന്റ്സിനു വേണ്ടി ലിനു ശ്രീനിവാസ് ആണ്.
വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ മ്യൂസിക് അവിൻ മോഹൻ സിതാരയാണ്, എഡിറ്റിംഗ് അഫ്‌താർ അൻവർ. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *