ന്യൂയോർക്ക് : ഇറാൻ പരിശീലിപ്പിച്ച ഇറാഖിന്റെ ഖാതയ്ബ ഹിസ്‌ബൊള്ള എന്ന ഷിയാ തീവ്രവാദി ഗ്രൂപ് യുഎസ് സേനയ്ക്കു നേരെ എർബിൽ വ്യോമ താവളത്തിൽ ആക്രമണം നടത്തിയതിനെ തുടർന്നു തിരിച്ചടിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവ് നൽകി. തിങ്കളാഴ്ച പുലർച്ചെ ഹിസ്‌ബൊള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു യുഎസ് സൈനികർക്കു പരുക്കേറ്റിരുന്നു.
പ്രത്യാക്രമണത്തിൽ ഒരു ഇറാഖി ഭടൻ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു. യുഎസ് ആക്രമണത്തെ ഇറാഖ് അപലപിച്ചു. ഇറാഖിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണം ഉഭയകക്ഷി ബന്ധങ്ങളെ തകരാറിലാക്കുമെന്നു ബഗ്ദാദ് പറഞ്ഞു.
മൂന്നിടങ്ങളിൽ ആക്രമണം നടത്തിയെന്നു യുഎസ് വക്താവ് അഡ്രിയെൻ വാട്സൺ പറഞ്ഞു. ഇറാൻ പിന്തുണയുള്ള തീവ്രവാദികളെ തകർക്കേണ്ടത് അത്യാവശ്യമാണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ പറഞ്ഞു.
ഒന്നിലധികം പേരെ വധിച്ചെന്നു യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ മൈക്കൽ കുറില്ല പറഞ്ഞു.