ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുണർ ജില്ലയിൽ നിന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദുസമുദായത്തിലെ വനിതാ ഡോക്ടർ. ഡിസംബർ 23 ന് പികെ -25 ന്റെ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ ഡോ. സവീര പർകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആദ്യവനിതാ സ്ഥാനാർത്ഥിയാണിവർ.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായ സവീര മപാർട്ടി ടിക്കറ്റിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ്. പതിനാറാം ദേശീയ അസംബ്ലിയിലെ അംഗങ്ങളുടെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരി 8 ന് നടക്കും. 2022ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്നാണ് പർകാശ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.
മാനവരാശിയെ സേവിക്കുന്നത് തന്റെ രക്തത്തിലുള്ളതാണെന്ന് അവർ ഡോൺ ന്യൂസിനോട് പറഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിൽ സർക്കാർ ആശുപത്രിയിൽ നിന്നും അനുഭവിച്ച കെടുകാര്യസ്ഥതയിൽ നിന്നും നിസ്സഹായതയിൽ നിന്നുമാണ് നിയമസഭാംഗമാകാനുള്ള തന്റെ സ്വപ്നത്തിന്റെ തുടക്കമെന്ന് അവർ പറഞ്ഞു.
തന്റെ പിതാവിന്റെ പാത പിന്തുടർന്നാണ് പ്രദേശത്തെ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് സവീര പറഞ്ഞു. അടുത്തിടെ ജോലിയിൽ നിന്നും വിരമിച്ച സവീരയുടെ പിതാവ് ഡോ. ഓം പ്രകാശ് കഴിഞ്ഞ 35 വർഷമായി പാർട്ടിയുടെ സജീവ അംഗമായിരുന്നു.
ബ്യൂണറിൽ നിന്നുള്ള ആദ്യ വനിതാ സ്ഥാനാർത്ഥിയായ ഡോ. സവീര പർകാശിന്റെ പേര് ചരിത്രം അടയാളപ്പെടുത്തുമെന്നും സ്ത്രീകൾ ആദ്യമായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും പർകാശിന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിച്ചുകൊണ്ട് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗം മേധാവി ഇമ്രാൻ നൊഷാദ് ഖാൻ എക്സിൽ പറഞ്ഞു.
സ്റ്റീരിയോടൈപ്പുകൾ തകർക്കുന്നതിൽ സവീരയെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് 5 ശതമാനം പ്രാതിനിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.