കണ്ണൂർ: വായ്പാ കുടിശ്ശികയിൽ ഇളവ് തേടി നവകേരള സദസിൽ പരാതി നൽകിയ ആൾക്ക് തുച്ഛമായ തുക മാത്രം കുറച്ചതിൽ വിശദീകരണവുമായി കേരള ബാങ്ക്.
4 ലക്ഷം രൂപയുടെ വായ്പയിൽ വെറും 515 രൂപയാണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ അപേക്ഷകന് ഇളവ് അനുവദിച്ചത്. അപേക്ഷകന് മാനദണ്ഡപ്രകാരം പിഴപ്പലിശ ഇനത്തിൽ നൽകാവുന്ന പരമാവധി ഇളവാണ് നൽകിയതെന്ന് കേരള ബാങ്ക് ഇരിട്ടി സായാഹ്ന ശാഖാ മാനേജർ വ്യക്തമാക്കി.
കൂലിപ്പണിക്കാരനായ പരാതിക്കാരൻ കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്ന് നാല് ലക്ഷം രൂപയാണ് ലോൺ എടുത്തത്. വീടിൻ്റെ അറ്റപ്പണിക്കായി എടുത്ത ലോണിൽ തിരിച്ചടവായി ഇനി അവശേഷിക്കുന്ന തുക 3,97,731 രൂപ.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയപ്പോൾ നേരിട്ട് പോയി പരാതി നൽകി. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയുള്ള സഹകരണ സംഘം ജോയിൻ രജിസ്ട്രാറുടെ മറുപടി ലഭിച്ചു.
പരമാവധി ഇളവായി ലഭിച്ചത് 515 രൂപ മാത്രം. അതായത് 3,97,731 രൂപയിൽ നിന്ന് 515 രൂപ കുറച്ച് ബാക്കി 3,97216 രൂപ അടയ്ക്കണം.