ഡല്‍ഹി: പൂഞ്ചില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സുരക്ഷാസേന. ദേരാ കി ഗലി, ബഫ്‌ലിയാസ് വനമേഖലയില്‍ വ്യോമ നിരീക്ഷണം ഗ്രൗണ്ട് കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ജമ്മു കശ്മീരിലെ രജൗരിയിലും പൂഞ്ചിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇന്ന് സെക്ടര്‍ സന്ദര്‍ശിക്കും. ജമ്മുവിലെ നഗ്രോട്ടയിലെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് ആസ്ഥാനത്ത് ചേരുന്ന സുരക്ഷാ അവലോകന യോഗത്തില്‍ അദ്ദേഹം അധ്യക്ഷനാകും.
അതേസമയം പൂഞ്ചില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു. സംഭവത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും മറ്റുള്ളവരുടെ പോസ്റ്റിംഗുകള്‍ പുനഃക്രമീകരിക്കാനും സൈന്യം പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റ അഞ്ച് പേര്‍ പൂഞ്ച്-രജൗരി സെക്ടറിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ ധാത്യാര്‍ മോറിനടുത്തുള്ള വളവില്‍ ആയുധധാരികളായ ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ പതിയിരുന്ന് ആക്രമിച്ചിരുന്നു.