അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാന ആയുധമാക്കാനൊരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ മതപരവും സാംസ്‌കാരികവുമായ പ്രാധാന്യം തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തി വോട്ട് നേടുനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി വിശദമായ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കാന്‍ ബിജെപി ദേശീയ നേതാക്കളോട്  കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടി ഭാരവാഹികളെ ഉള്‍പ്പെടുത്തി അടുത്തിടെ സമാപിച്ച ദ്വിദിന പരിപാടിയില്‍ നടന്ന മാരത്തണ്‍ യോഗങ്ങളിലാണ് പ്രധാന നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളില്‍ ശക്തമായ സന്ദേശങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
രാമമന്ദിര്‍ പ്രസ്ഥാനത്തിലും ക്ഷേത്രനിര്‍മ്മാണത്തിലും പാര്‍ട്ടിയുടെ പങ്ക് എടുത്തുകാട്ടുന്ന ഒരു ബുക്ക്ലെറ്റ് പ്രകാശനം ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ ക്ഷേത്രനിര്‍മ്മാണത്തെ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എങ്ങനെ ശ്രമിച്ചുവെന്നതും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി ഉയര്‍ത്തിക്കാട്ടും. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സ്വയംസേവക് സംഘും (ആര്‍എസ്എസ്) വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും പിന്തുണ നല്‍കുമെന്നും ബിജെപി അറിയിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിജയം ഉറപ്പാക്കണമെന്ന് രണ്ട് ദിവസത്തെ യോഗത്തില്‍ ഷാ എല്ലാ ഭാരവാഹികള്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കി. ”വലിയ വിജയം ഉറപ്പാക്കുക, അതിനാല്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ പ്രതിപക്ഷം ധൈര്യപ്പെടില്ല,” ഷാ ബിജെപി ഭാരവാഹികളോട് പറഞ്ഞു. എല്ലാ ലോക്സഭാ മണ്ഡലങ്ങളെയും ഗൗരവമായി കാണേണ്ടതിന്റെ പ്രാധാന്യവും ഉത്തര്‍പ്രദേശ് പോലുള്ള ശക്തമായ കോട്ടകള്‍ക്ക് മറ്റിടങ്ങളിലെ ബലഹീനതകള്‍ നികത്താന്‍ കഴിയുമെന്ന ധാരണ തള്ളിക്കളയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കരുതെന്നും പകരം റെക്കോര്‍ഡ് വിജയം ഉറപ്പാക്കാന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യോഗത്തില്‍ പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കാള്‍ വളരെ നേരത്തെ തന്നെ ദുര്‍ബലമായ ലോക്സഭാ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനകീയമാക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ രാജ്യവ്യാപകമായി ആരംഭിച്ച വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനം പ്രധാനമന്ത്രി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാല്‍ ബിജെപിക്ക് കൂടുതല്‍ നിര്‍ണായകമായ വിജയം നേടാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് പ്രധാനപ്പെട്ട മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *