ഭുവനേശ്വര്‍: ദേശീയ അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ജയിച്ചു കയറി ലോങ്ജംപ് താരം മുരളി ശ്രീശങ്കർ. ലോക ചാമ്പ്യൻഷിപ്പിനായുള്ള 8.25 മീറ്റർ യോഗ്യതാ മാർക്ക് മുരളി അനായാസം മറികടന്നു. ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടിയാണ് മുരളി ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
ജെസ്വിൻ ആൽഡ്രിൻ സ്ഥാപിച്ച 8.42 മീറ്ററെന്ന ദേശീയ റെക്കോർഡ് തകർക്കുന്നതിന് 1 സെന്റിമീറ്റർ മാത്രം പിറകിലാണ് 24കാരനായ ശ്രീശങ്കർ എത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ആണ് ശ്രീശങ്കർ ഗെയിംസിൽ പങ്കെടുക്കുന്നത്.
7.83 മീറ്റർ ചാടി ആൽഡ്രിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മുഹമ്മദ് അനീസ് യഹിയ 7.71 മീറ്റർ ചാടി മൂന്നാം സ്ഥാനത്തെത്തി. 7.95 മീറ്ററാണ് ഏഷ്യൻ ഗെയിംസിലേക്കുള്ള പുരുഷന്മാരുടെ ലോങ്ജമ്പ് യോഗ്യതാ മാർക്ക്.
