ഡബ്ലിന്‍: മനുഷ്യന്റെ സ്വൈര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം വീണ്ടും. മുന്‍ സ്‌ട്രെയിനുകളെ അപേക്ഷിച്ച് കൂടുതല്‍ രോഗവ്യാപന ശേഷിയുള്ള മാരണമാണ് പുതിയ അവതാരമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നിരുന്നാലും അപകടസാധ്യത കുറവാണെന്നതാണ് ആശ്വാസം.
ഒമിക്‌റോണിന്റെ പരമ്പരയില്‍പ്പെട്ട ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദമാണ് പുതിയ കക്ഷി. ലോകാരോഗ്യ സംഘടന ഇതിനെ വേരിയന്റ് ഓഫ് ഇന്ററസ്റ്റ് ആയി പ്രഖ്യാപിച്ചു.രണ്ട് ശൈത്യകാലങ്ങള്‍ക്ക് മുമ്പാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.
ഘടനാ മാറ്റമുള്ളതിനാല്‍ വാക്സിനിലൂടെ പ്രതിരോധിക്കുന്നത് ദുഷ്‌കരമായിരിക്കുമെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ എക്‌സ്പിരിമെന്റല്‍ ഇമ്മ്യൂണോളജി പ്രൊഫസറായ കിംഗ്സ്റ്റണ്‍ മില്‍സ് പറഞ്ഞു. ശ്വാസകോശത്തെയും തൊണ്ടയേയുമാണ് പുതിയ വൈറസ് ബാധിക്കുന്നത്. രോഗമുക്തിയുണ്ടായാലും ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ മാസങ്ങളോളം തുടരുമെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
വാക്‌സിന്റെ ഏറ്റവും പുതിയ പതിപ്പ് ഇതിനെതിരെ ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു.ഇത്തരത്തിലുള്ള കൂടുതല്‍ പുതിയ വേരിയന്റുകള്‍ ഫ്ളൂവിന്റെ രൂപത്തില്‍ വരും നാളുകളില്‍ വന്നുകൊണ്ടേയിരിക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
അതിനാല്‍ ആരോഗ്യപരമായി ദുര്‍ബലരായവരും ഉയര്‍ന്ന പ്രായക്കാരും കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കണമെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.ലോംഗ് കോവിഡിന്റെ പ്രശ്നം ഇപ്പോഴും തുടരുകയാണെന്നും പ്രൊഫ മില്‍സ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *