തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കെസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് രണ്ടാം പ്രതി. രമേശ് ചെന്നിത്തലയും എം.പിമാരുമടക്കം കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും കേസ്. പൊലീസിനെ ആക്രമിക്കല്‍, മാധ്യമപ്രവര്‍ത്തകനെ കല്ലെറിയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പൊലീസ് മര്‍ദനത്തിനെതിരെ ഡി.ജി.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് കലാശിച്ചത് തെരുവുയുദ്ധത്തിലായിരുന്നു.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് തീരും മുന്‍പേ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര് വാതകവുമായി പ്രവര്‍ത്തകരെ നേരിട്ടു. ദേഹാസ്വാസ്ഥ്യം നേരിട്ട കെ സുധാകരന് അടക്കമുള്ള നേതാക്കള്‍ ചികിത്സ തേടി.തുടക്കം മുതല്‍ക്ക് തങ്ങളെ പ്രകോപിപ്പിച്ച പ്രവര്‍ത്തകര്‍ക്ക് മേല്‍ സമാനതകളില്ലാത്ത വിധം പൊലീസ് കൈയിലുണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചു. മ്യൂസിയം പരിസരത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് പതിവുപോലെ നവകേരളാ സദസ്സിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചുകൊണ്ടായിരുന്നു. ഡി.ജി.പി ഓഫീസിന് സമീപമെത്തിയ നേതാക്കള്‍ വാഹനത്തില്‍ സജ്ജീകരിച്ച സ്റ്റേജില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ബാരിക്കേഡിന് സമീപം നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ പൊലീസിനെ കടന്നാക്രമിച്ചു.
കല്ലും ആണി തറച്ച പട്ടികയും നിരന്തരം തങ്ങള്‍ക്ക് മേല്‍ പറന്നിറങ്ങിയപ്പോള്‍ നേതാക്കളുടെ പ്രസംഗം തീരാന്‍ വരെ കാത്തിരിക്കാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിച്ചു. ജലപീരങ്കിയില്‍ തുടങ്ങി. കല്ലേറ് തുടര്‍ന്നതിനാല്‍ അടുത്ത നടപടി ഗ്രനേഡിന്റെ രൂപത്തില്‍. വേദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവിന്റെ തലയ്ക്ക് മുകളില്‍ ഗ്രനേഡ് പൊട്ടുന്നത് വരെയെത്തി കാര്യങ്ങള്‍. ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നേതാക്കളെ വേദിയില്‍ നിന്നിറക്കി. ഇതിനിടയില്‍ തുടര്‍ച്ചയായി കണ്ണീര് വാതകവും. നേതാക്കളും പ്രവര്‍ത്തകരും ചിതറിയോടി. വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളില്‍ എല്ലാം അവസാനിപ്പിച്ചു.