ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. സംഭവത്തില്‍ നിയമനടപടി ആരംഭിച്ചതായും ജമ്മു കശ്മീര്‍ ഭരണകൂടം ശനിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ചയാണ് മരണം റിപ്പോര്‍ട്ട് ചെയ്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം  പ്രഖ്യാപിച്ചതായും അധികൃതര്‍ പറഞ്ഞു. ”പൂഞ്ച് ജില്ലയിലെ ബഫ്‌ലിയാസില്‍ ഇന്നലെ മൂന്ന് സാധാരണക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെഡിക്കോ ലീഗല്‍ ഫോര്‍മാലിറ്റികള്‍ നടത്തി, ഈ വിഷയത്തില്‍ നിയമനടപടികള്‍ ഉചിതമായ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്,” ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചു.
മരിച്ച ഓരോരുത്തര്‍ക്കും നഷ്ടപരിഹാരവും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നിയമനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചിരുന്നു. അഖ്‌നൂരിലെ ഖൂര്‍ സെക്ടറിലേക്ക് ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ആയുധധാരികളായ നാല് ഭീകരരുടെ സംഘം ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിരീക്ഷണ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സൈന്യം ഭീകരരുടെ നീക്കം മനസിലാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വ്യാഴാഴ്ച പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന ശക്തമാക്കുന്നതിനിടയിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.  പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. 
അതിനിടെ യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ റൈഫിളുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ചിത്രം ഭീകരര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 1980-കളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ വികസിപ്പിച്ചെടുത്തിരുന്ന ഭാരം കുറഞ്ഞ കാര്‍ബൈനാണ് എം4 കാര്‍ബൈന്‍. യുഎസ് സായുധ സേനയുടെ പ്രാഥമിക കാലാള്‍പ്പടയുടെ ആയുധമാണിത്. ഇത് പിന്നീട് മറ്റ് എണ്‍പതിലധികം രാജ്യങ്ങളില്‍ പ്രചാരത്തില്‍ വന്നു. ക്ലോസ്-ക്വാര്‍ട്ടേഴ്‌സ് പോരാട്ടത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റൈഫിള്‍ കൃത്യവും വിശ്വസനീയവും വൈവിധ്യമാര്‍ന്ന യുദ്ധസാഹചര്യങ്ങള്‍ക്ക് നന്നായി യോജിച്ചതുമാണ്. ഇത് പൊതുവെ സൈനിക, നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഒരു ജനപ്രിയ റൈഫിളാണ്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed