തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിഞ്ഞു; സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ കളക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: നെടുമങ്ങാട് പൊന്‍മുടി പാതയിലെ 12ാം വളവിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിന്‍റെ പാര്‍ശ്വഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. മണ്ണിടിഞ്ഞ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടന്നുപോകത്ത വിധം ക്രമീകരിക്കാന്‍ റുറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ ഈ ഭാഗത്തുകൂടി കടത്തിവിടാതിരിക്കാനുള്ള ക്രമീകരണം നടത്താന്‍ ഡി.എഫ്.ഓയ്ക്കും ഇടിഞ്ഞ ഭാഗത്ത് ഉറപ്പുള്ള സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് പൊന്‍മുടി പാതയിലെ 12ാം വളവില്‍ മണ്ണിടിഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ഇടിഞ്ഞ അതേ ഭാഗത്താണ് റോഡ് വീണ്ടും ഇടിഞ്ഞത്. മൂന്നുമാസം വരെ പൊന്മുടിയിലേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ചശേഷം കോടികള്‍ ചെലവിട്ടാണ് അന്ന് റോഡ് വീണ്ടും കെട്ടിപ്പൊക്കിയത്. എന്നാല്‍, നിര്‍മാണത്തിലെ വന്‍ക്രമക്കേടാണ് റോഡ് വീണ്ടും ഇടിയാന്‍ കാരണമെന്ന് വ്യാപക ആരോപണമുണ്ട്.
രണ്ട് ദിവസമായി വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതരും അതല്ല റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാരും പറയുന്നു. റോഡ് കുറച്ചു ഭാഗംകൂടി ഇടിഞ്ഞാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടിവരും. ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയും പൊന്മുടിയിലെ 250ലധികം വരുന്ന തൊഴിലാളി കുടുംബങ്ങളും പോലീസ് സ്റ്റേഷന്‍, കെ.ടി.ഡി.സി, ഗവ.യു.പി.സ്‌കൂള്‍, കേരള പോലീസിന്‍റെ വയര്‍ലസ് സെറ്റ് കേന്ദ്രം എന്നിവയെല്ലാം ഒറ്റപ്പെടും.

By admin

Leave a Reply

Your email address will not be published. Required fields are marked *