ഓച്ചിറ∙ നേർക്കുനേർ പോരാട്ടം ഇന്ന്.സ്മരണകൾ പുതുക്കി യോദ്ധാക്കൾ പടനിലത്ത് അങ്കം കുറിച്ചു. കളരികളിൽ അഭ്യസിച്ച അടവുകൾ ഇന്നു പൂർണമായി പരബ്രഹ്മത്തിനു സമർപ്പിച്ചു യോദ്ധാക്കൾ വീടുകളിലേക്കു മടങ്ങുന്നതോടെ ഓച്ചിറക്കളി സമാപിക്കും. ഓച്ചിറക്കളിയുടെ ദീപം തെളിക്കൽ സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു. യു.പ്രതിഭ എംഎൽഎ പങ്കെടുത്തു. ഇന്ന് 1.30നു കളരിപ്പയറ്റ് പ്രദർശനം നടക്കും. 9നു ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ നയിക്കുന്ന പഞ്ചാരി മേളം ആരംഭിച്ചു കഴിഞ്ഞു.കാളച്ചന്തയും കന്നുകാലി കാർഷിക പ്രദർശനവും നാളെ ആരംഭിച്ച് 20നു സമാപിക്കും.

ഇന്നലെ 7നു ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ പടനിലത്തു പതാക ഉയർത്തിയോടെ ചടങ്ങുകൾ ആരംഭിച്ചു. കിഴക്കേ സേവപ്പന്തലിൽ ഡോ.കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ, ഇരിങ്ങാലക്കുട മാപ്രാണം ഷൈജു, ഓച്ചിറ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. 10 മുതൽ പ്രത്യേക വേഷം ധരിച്ച് ആയുധങ്ങൾ ഏന്തിയ യോദ്ധാക്കൾ‍ ഘോഷയാത്രയായി പരബ്രഹ്മ ഭൂമിയിലെത്തി പരബ്രഹ്മത്തെ വണങ്ങി. കളി ആശാന്മാർക്കു ദക്ഷിണ നൽകി യോദ്ധാക്കൾ പടനിലത്തിന്റെ വിവിധ ഭാഗങ്ങളിൽ അടവുകളും ചുവടുകളും പ്രത്യേക വായ്ത്താരിയോടെ പ്രദർശിപ്പിച്ചു.
12ന് പടനിലത്തു ശംഖനാദം മുഴങ്ങി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ, പടത്തലവൻ ശിവരാമാനാശനു ധ്വജം കൈമാറിയതോടെ ഋഷഭ വീരന്മാരുടെയും വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കര ഘോഷയാത്ര ആരംഭിച്ചു. രണ്ടു കരക്കാരും എട്ടുകണ്ടത്തിന്റെ കിഴക്ക് പടിഞ്ഞാറ് കരകളിൽ നിന്നു കരക്കളി നടത്തി. 12.40ന് എട്ടുകണ്ടത്തിന്റെ മധ്യഭാഗത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ കരഘോഷയാത്ര വാദ്യമേളത്തോടെ എട്ടുകണ്ടത്തിന്റെ മധ്യഭാഗത്തേക്കു പുറപ്പെട്ടു.
ഇരുകരകളിലെയും പടത്തലവന്മാരും കരനാഥന്മാരും എട്ടു കണ്ടത്തിന്റെ മധ്യഭാഗത്തെത്തി കര പറഞ്ഞ് ഹസ്തദാനം നടത്തിയോടെ യോദ്ധാക്കൾ ആയുധങ്ങളുമായി എട്ടുകണ്ടത്തിലിറങ്ങി അങ്കം കുറിച്ച് പോരാട്ടം നടത്തി. പിന്നീടു തകിടി കണ്ടത്തിലും അൽപസമയം പോരാട്ടം നടത്തിയ ശേഷം തുടർ പോരാട്ടം ഇന്നു നടത്താം എന്നു വാഗ്ദാനം നൽകി ക്ഷേത്രക്കുളത്തിൽ സ്നാനം നടത്തി പിരിഞ്ഞു. കരക്കളിക്കു സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം സംഘങ്ങൾ കരക്കളി നടത്തിയില്ല. ഇന്ന് 9നു പഞ്ചാരി മേളം, 12.30നു കരഘോഷയാത്ര, 1നു കരക്കളി, 1.15ന് എട്ടുകണ്ടത്തിൽ പോരാട്ടം. 1.30നു കളരിപ്പയറ്റ്.

By admin

Leave a Reply

Your email address will not be published. Required fields are marked *