ആലപ്പുഴ∙ ആദ്യ സോളർ ഇലക്ട്രിക് ബോട്ട് സർവീസ് അടുത്ത മാസം ജില്ലയിൽ തുടങ്ങുമെന്നു ജലഗതാഗത വകുപ്പ്. ഇതുൾപ്പെടെ 30 സീറ്റുകളുള്ള 4 സോളർ ഇലക്ട്രിക് ബോട്ടുകൾ ഡിസംബറിനുള്ളിൽ ജില്ലയിൽ സർവീസ് തുടങ്ങും. ആദ്യ ബോട്ടിന്റെ പണി 30% പൂർത്തിയായി. ബോട്ടിന്റെ രണ്ടു ഹള്ളുകളുടെ പണി പൂർത്തിയായി. രണ്ടാമത്തെ ബോട്ടിന്റെ ഹൾ നിർമാണം ഉടൻ തുടങ്ങും. മുഹമ്മ– മണിയാംപറമ്പ് റൂട്ടിലാകും പുതിയ ബോട്ട് സർവീസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ സർവീസ് കുറവാണ്.
ഇതിനു പുറമേ വൈക്കം–തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ആദിത്യ ബോട്ടിന്റെ മാതൃകയിൽ 75 സീറ്റുള്ള സോളർ ഇലക്ട്രിക് ബോട്ടും ജൂലൈ അവസാനത്തോടെ സർവീസ് തുടങ്ങിയേക്കും. 1.5 കോടി രൂപ ചെലവിൽ പാണാവള്ളിയിലെ യാർഡിലാണു ബോട്ടിന്റെ നിർമാണം. ‘ആദിത്യ’ വൻ വിജയമായിരുന്നു.പുതിയ ബോട്ടുകളെത്തുന്നതോടെ ജില്ലയിൽ ബോട്ടുയാത്രികർ നേരിടുന്ന ദുരിതം കുറയും. നിന്നും മറ്റുമാണ് പലപ്പോഴും ബോട്ടിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്.
ആകെ 15 സോളർ ഇലക്ട്രിക് ബോട്ടുകളാകും ജലഗതാഗത വകുപ്പ് ജില്ലയിലെത്തിക്കുക. വകുപ്പിന്റെ 50% ബോട്ടുകളും സോളറാക്കുന്നതിന്റെ ഭാഗമായാണു ജില്ലയിലേക്കും പുതിയ ബോട്ടുകളെത്തുന്നത്. പട്ടണക്കാട്, പാണാവള്ളി യാർഡുകളിലാണു ബോട്ടുകൾ നിർമിക്കുക.