ആലപ്പുഴ – വ്യാജ സർട്ടിഫിക്കറ്റ്, നിയമന വിവാദങ്ങൾ കൊഴുക്കവേ ആലപ്പുഴ എസ്.എഫ്.ഐയിലും വ്യാജ ഡിഗ്രി വിവാദം. സംഭവത്തിൽ എസ്.എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ സി.പി.എം നേതൃത്വം ഇടപെട്ട് നടപടി സ്വീകരിച്ചു.
കായംകുളം എം.എസ്.എം കോളജ് രണ്ടാംവർഷ എം.കോം വിദ്യാർത്ഥിയായ നിഖിൽ തോമസ് എം.കോം പ്രവേശനത്തിന് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 – 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളേജിൽ ബി.കോമിന് പഠിച്ചത്. എന്നാൽ, ഡിഗ്രി തോറ്റ ഈ എസ്.എഫ്.ഐ നേതാവ് 2021-ൽതന്നെ അവിടെ എം.കോമിന് ചേരുകയായിരുന്നുവെന്നാണ് വിമർശം. 2019-ൽ കായംകുളം എം.എസ്.എം കോളേജിൽ യു.യു.സിയും 2020-ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന നിഖിൽ, പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നാണ് പറയുന്നത്. ആരോപണവുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന സി.പി.എം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന് അറിയിരിക്കുകയായിരുന്നു നിഖിൽ തോമസ്. തുടർന്നാണ് പാർട്ടി നേതൃത്വം നിഖിലിനെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഏരിയാ കമ്മിറ്റി സ്ഥാനത്തുനിന്നും
നീക്കാൻ നിർദേശിച്ചത്.
എം.എസ്.എം കോളേജിൽ നിഖിലിന്റെ ജൂനിയറായിരുന്ന, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ പരാതിക്കാരി മൂന്ന് മാസം മുമ്പാണ് നിഖിലിനെതിരെ ഇത്തരമൊരു പരാതി ഉയർത്തിയത്. ഒരേസമയത്ത് കായംകുളത്തും കലിംഗയിലും എങ്ങനെ പഠിക്കാനാകുമെന്നാണ് പെൺകുട്ടി ചോദ്യമുയർത്തിയത്. സംഭവത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.
അതിനിടെ, തനിക്ക് 26 വയസ്സായതിനാലാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽനിന്ന് നീക്കിയതെന്നാണ് നിഖിൽ തോമസിന്റെ വിശദീകരണം. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടെന്നും അത് ഹാജറാക്കിയാൽ തീരുന്ന പ്രശ്‌നമേയുള്ളൂവെന്നും നിഖിൽ പ്രതികരിച്ചു.
2023 June 17KeralaFake degree controversy in Alappuzha SFI toocpm recommendation for actionSFI leadernikhil thomas replytitle_en: Fake degree controversy in Alappuzha SFI too; Access to M.Com for failed leader, recommendation for action