വളരെ കുറച്ച് കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് കോട്ടയം പ്രദീപ്. ഒരു പക്ഷെ കോട്ടയം പ്രദീപ് എന്ന പേരിനേക്കാള്‍ ആ അതുല്യ കലാകാരന്‍ പറഞ്ഞ ഡയലോഗുകളിലൂടെയാകും പ്രേക്ഷകര്‍ എന്നും അദ്ദേഹത്തെ ഓര്‍ക്കുക. ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. കഴിച്ചോ കഴിച്ചോ’ …. എന്ന ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് കോട്ടയം പ്രദീപ് എന്ന നടന്റെ മുഖമാണ്. സംസാര ശൈലി കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് ഇടംപിടിക്കുകയായിരുന്നു പ്രദീപ്. എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മുഴുനീള കഥാപാത്രമല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒറ്റ ഡയലോഗിലൂടെയായിരിക്കും പ്രേക്ഷകരുടെ ചുണ്ടില്‍ ചിരി പടര്‍ത്തുക. ന്യൂജനേറഷന്‍ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍. വളരെ അപ്രതീക്ഷിതമായിട്ടാണ് കോട്ടയം പ്രദീപിന്റെ വിയോഗ വാര്‍ത്ത വരുന്നത്.
ഇങ്ങനൊരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് പ്രദീപിന്റെ ഭാര്യയും മകനും. ഇങ്ങനൊരു മരണം അദ്ദേഹത്തിനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് പ്രദീപിന്റെ ഭാര്യ. ഒരു ദിവസം രാത്രിയിലാണ് ചെറിയൊരു നെഞ്ചുവേദന ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത്. അപ്പോഴും ഞങ്ങളത് കാര്യമാക്കിയില്ല. കാരണം ഇടയ്ക്കിടെ ചെക്കപ്പ് ചെയ്യുകയും ആരോഗ്യ കാര്യത്തില്‍ നല്ല ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. കൊളസ്‌ട്രോള്‍ കൂടിയിട്ടാണ് എന്നൊക്കെ ആളുകള്‍ പറയുമെങ്കിലും അങ്ങനെയല്ല. ആരോഗ്യം സംരക്ഷിക്കാനായി അദ്ദേഹം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ബിപിയും കൊളസ്ട്രോളുമൊക്കെ നോര്‍മല്‍ ആയി കൊണ്ട് നടക്കുന്ന ആളാണ് പപ്പ. എല്ലാ കാര്യത്തിലും അലസത ഇല്ലാതെ ചെയ്യുന്ന ആളാണ്. പപ്പയെ കണ്ടുപഠിക്കാന്‍ ഞാന്‍ മോനോട് പറയുമായിരുന്നു. അത്രയും ആക്റ്റീവ് ആയിരുന്നെന്നാണ് പ്രദീപിന്റെ ഭാര്യ പറയുന്നത്.
ഒരു പനി പോലും വന്നു കാണാത്തത് കൊണ്ട് ഇങ്ങനെ ഒരു അസുഖം വരുമെന്ന് യാതൊരു ചിന്തയുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം മകളുടെ വിവാഹത്തെ കുറിച്ച് അവളോട് സംസാരിച്ചിരുന്നു. മോളുടെ കല്യാണത്തിന് വേണ്ടി സ്വര്‍ണ്ണമെല്ലാം വാങ്ങി ആ ദിവസത്തിന് കാത്തിരിക്കുകയിരുന്നു. ചെറുക്കനെ പോലും തീരുമാനിക്കുന്നതിന് മുന്‍പേ മകളോട് വിവാഹത്തിന്റെ തലേന്ന് സ്വര്‍ണം ധരിക്കേണ്ടെന്നും വിവാഹത്തിന്റെ അന്ന് മാത്രം മതിയെന്ന് അടക്കം പല കാര്യങ്ങളും പറഞ്ഞിരുന്നു. അങ്ങനെ രാത്രി കിടന്നതിന് ശേഷം മൂന്ന് മണി സമയത്താണ് നെഞ്ച് വേദന ഉള്ളതായി പറയുന്നത്. പിറ്റേന്ന് ഡബ്ബിങ്ങിനായി പോകേണ്ടതാണ്. അതിന് മുന്‍പേ നെഞ്ചുവേദനയൊന്ന് ചെക്ക് ചെയ്യാമെന്ന് പറഞ്ഞ് പോയതാണ്. പപ്പയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ ഡോക്ടര്‍മാര്‍ വന്നിട്ട് നമ്മള്‍ക്ക് രക്ഷിക്കാന്‍ പറ്റിയില്ല എന്ന് പറഞ്ഞ രംഗം ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അതുവരെ ആശുപത്രിയില്‍ പോലും കിടക്കാത്ത ആളാണ് ഇങ്ങനെ മരിച്ചു എന്ന് നമ്മള്‍ കേള്‍ക്കുന്നത്.
ആ ദിവസം ആലോചിക്കാന്‍ പോലും ഇന്ന് ഞങ്ങള്‍ക്ക് പറ്റില്ല. ഇപ്പോഴും അദ്ദേഹം വീട്ടില്‍ ഉണ്ടെന്നാണ് നമ്മുടെ വിശ്വാസം. പപ്പയുടെ അച്ഛനും അറുപത് വയസിലാണ് മരിക്കുന്നത്. അതിന്റെ ടെന്‍ഷന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നമ്മള്‍ അതൊന്നും ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും പപ്പയുടെ മനസിലുണ്ടായിരുന്നു. പപ്പ പോകുന്നതിന് മുന്‍പേ എല്ലാം ചെയ്തുവച്ചിരുന്നു. പപ്പ പോയ ശേഷം ആണ് നമ്മള്‍ ആ വലിയ വിടവ് അറിയുന്നത്. പുള്ളി ആയിരുന്നു എല്ലാം ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല, ഒരു കറന്റ് ബില്‍ പോലും മകനെ കൊണ്ട് അടപ്പിക്കാന്‍ സമ്മതിച്ചിട്ടില്ല. സംഭവദിവസം ഇസിജി എടുക്കാന്‍ പോകുമ്പോള്‍ പോലും ചിരിച്ചോണ്ട് പോയ ആളാണ് ഇങ്ങനെയങ്ങ് പോയത്’—  കോട്ടയം പ്രദീപിന്റെ ഭാര്യയും മകനും പറയുന്നു
 

By admin

Leave a Reply

Your email address will not be published. Required fields are marked *