തിരുവനന്തപുരം: ആഘോഷക്കാലത്ത് വിലക്കയറ്റം തടയാൻ വിപണിയിൽ അതിശക്തമായി ഇടപെടേണ്ട സപ്ലൈക്കോ ക്രിസ്തുമസ്, പുതുവത്സര ആഘോഷക്കാലത്ത് കിതയ്ക്കുന്നു. കോടിക്കണക്കിന് രൂപയുടെ കുടിശികയുണ്ടായതോടെ കരാറുകാർ അവശ്യസാധനങ്ങൾ എത്തിക്കുന്നത് നിർത്തിയിരിക്കുകയാണ്. ടെൻഡറിൽ നിന്ന് കരാറുകർ വിട്ടുനിൽക്കുന്നു.
അതോടെ പങ്കെടുത്ത ഏതാനും കരാറുകാർ വൻതോതിൽ വിലകൂട്ടിചോദിക്കുകയാണ്. ഇത് അംഗീകരിച്ച് സാധനങ്ങൾ വാങ്ങിയാൽ സപ്ലൈക്കോയിൽ വില കൂട്ടേണ്ടി വരും. ഇത് അവശ്യസാധനങ്ങളുടെ വില ഇനിയും വൻതോതിൽ ഉയരാൻ ഇടയാക്കും. സബ്സിഡി സാധനങ്ങളുടേതടക്കം വില കൂട്ടാനുള്ള നീക്കവും സജീവമാണ്. ആഘോഷക്കാലത്ത് വിപണി ഇടപെടലിന് വഴികാണാതെ നട്ടംതിരിയുകയാണ് സപ്ലൈക്കോ.
സബ്സിഡി സാധനങ്ങൾക്കു പുറമെ നോൺ സബ്സിഡി സാധനങ്ങളും സപ്ലൈക്കോയിൽ ഏതാണ്ട് തീർന്നിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ എട്ടു കോടി മുതൽ 10 കോടി രൂപയ്ക്കു വരെ വിറ്റുവരവുണ്ടായിരുന്നിടത്ത് ഒരു കോടി രൂപ പോലും വിറ്റുവരവില്ലാത്ത അവസ്ഥയിലേക്ക് കൂപ്പു കുത്തി.
അവസാന പ്രവൃത്തിദിവസമായ ശനിയാഴ്ചത്തെ വിറ്റുവരവ് വെറും 70.59 ലക്ഷം രൂപയാണ്. കടയിൽ സാധനങ്ങളില്ലാതായതോടെ ജനങ്ങൾ സപ്ലൈക്കോയിലേക്ക് എത്തുന്നില്ലെന്നതാണ് സ്ഥിതി. ഓണത്തിനു മുമ്പ് ശരാശരി മൂന്നു കോടി രൂപയുടെ കച്ചവടം ഉണ്ടായിരുന്നതാണ്. 12ന് വിറ്റുവരവ് 2.08 കോടി രൂപയായിരുന്നു. ഇതാണ് 70.59 ലക്ഷത്തിലേക്ക് ഇടിഞ്ഞത്. കച്ചവടം കുറയുന്നത് സപ്ലൈക്കോയുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കും. ജീവനക്കാർക്ക് ശമ്പളം, ആനുകൂല്യങ്ങൾ നൽകാൻ മാസം തോറും 24കോടി കണ്ടെത്തണം.
കരാറുകാർക്കടക്കം വമ്പൻ കടബാധ്യതയാണ് സപ്ലൈക്കോയ്ക്കുള്ളത്. ബാങ്ക് കൺസോർഷ്യത്തിൽ 2500 രൂപ കടമെടുത്തത് ആസ്തികൾ പണയം വച്ചിട്ടാണ്. നെൽസംഭരണത്തിന്റെ പണം നൽകാനുള്ള പി.ആർ.എസ് വായ്പയ്ക്കായി പാടത്തെ നെല്ലു പോലും പണയത്തിലാണ്. 5 സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ വിതരണ കമ്പനികൾക്ക് സപ്ലൈകോ 800 കോടി രൂപ നൽകാനുണ്ട്.
കുടിശ്ശികയിനത്തിൽ മാത്രം സർക്കാർ നൽകാനുള്ളത് 1525 കോടി രൂപയാണ്. ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മുതലുള്ള തുക കുടിശ്ശിക ഇപ്പോൾ 800 കോടി രൂപയായി.
സപ്ലൈകോയ്ക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർ ഇന്നു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ക്രിസ്മസ്-ന്യൂഇയർ ഫെയറുകൾ ഏതാനും ജില്ലകളിൽ മാത്രമാക്കി ചുരുക്കാനാണ് സപ്ലൈക്കോയുടെ തീരുമാനം. സാധനങ്ങൾ ഇല്ലാത്തതാണ് പ്രശ്നം.