ആരാധകരെ ഞെട്ടിച്ച് വീണ്ടും ധോണി, നായകസ്ഥാനം ഒഴിഞ്ഞു; പുതിയ നായകനെ പ്രഖ്യാപിച്ച് ചെന്നൈ

മുംബൈ: ഐപിഎല്ലിലെ(IPL 2022) ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ അപ്രതീക്ഷിത തീരുമാനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചു. ധോണിക്ക് ശേഷം ചെന്നൈയുടെ നായകനാകുന്ന രണ്ടാമത്തെ കളിക്കാരനാണ് രവീന്ദ്ര ജഡേജ.
2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി.ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012ല്‍ ചെന്നൈ ടീമിന്‍റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ നിര്‍ണായക താരമായിരുന്നു.

2008ലെ ആദ്യ ഐപിഎല്ലില്‍ നായകനായ ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 121 എണ്ണത്തില്‍ ചെന്നൈ ജയിച്ചു. വിജയശതമാനം 59.60. 129 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച് 75 എണ്ണത്തില്‍ ജയിച്ച രോഹിത് ശര്‍മ മാത്രമാണ് ഐപിഎല്ലില്‍ ധോണിയെക്കാള്‍ വിജയശതമാനമുള്ള(59.68) ഏക നായകന്‍.

നാലു തവണ ഐപിഎല്‍ കിരീടവും ഒരു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ധോണിക്ക് കീഴില്‍ ചെന്നൈ നേടി. 13 സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രാമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *