ഡാളസ്: ഇരുപത്തിയെട്ടു വർഷമായി ഒരിക്കൽ  പോലും സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ അവസരം ലഭിക്കാതിരുന്ന ഡാളസ് കേരള അസോസിയേഷൻ വോട്ടർമാർ വർധിത ആവേശത്തോടെ ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു.
കക്ഷി രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന  സമർത്ഥരായ സ്ഥാനാര്ഥികളെയാണ് ഹരിദാസ് തങ്കപ്പനും പ്രദീപ് നാഗനൂലിലും നേതൃത്വം  നൽകുന്ന ഇരു പാനലുകളിലായി അണി  നിരത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലെ കൈവരിച്ച നേട്ടങ്ങളെ ചൂണ്ടിക്കാട്ടി രണ്ടാം ഊഴത്തിനായി കച്ചമുറുകി രംഗത്തുള്ള നിലവിലുള്ള ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ഡാളസ് ഫോർട്ട് വെർത്ത്‌ മെട്രോപ്ലെക്സിൽ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനാണ്.
സംഘടനയുടെ പ്രവർത്തന മേഖലാ വികസനവും നേതൃത്വ മാറ്റവും അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി അട്ടിമറി വിജയം പ്രതീക്ഷിച്ചു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഡാളസ് കേരള അസോസിയേഷൻ മുൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അതുപോലെതന്നെ ഈ പ്രദേശങ്ങളിൽ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമാണ്.
തിരെഞ്ഞെടുപ്പിൽ വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരു വശമാണെങ്കിലും അസോസിയേഷന്റെ വളർച്ചയിലും മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിലും തോളോട് തോൾ ചേർന്ന്‌ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടവരാണെന്നുള്ള ബോധ്യം ഇരുവരും വെച്ചുപുലർത്തുന്നുവെന്നത് വാശിയേറിയ തിരെഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിലും വളരെ പ്രകടമാണെന്നുള്ളത് ആശ്വാസകരമാണ്.
ഡിസംബർ 16  ശനിയാഴ്‌ച രാവിലെ 9 മുതൽ 5 വരെ അസോസിയേഷൻ ഓഫീസിൽ നടക്കുന്ന വോട്ടെടുപ്പിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും ശാന്തമായ അന്തരീക്ഷത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അസോസിയേഷൻ മുൻ സെക്രട്ടറി, ട്രസ്റ്റി തുടങ്ങി  വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റര് അംഗവും , മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി പി ചെറിയാൻ അഭ്യർത്ഥിച്ചു.
റിപ്പോര്‍ട്ട്:ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *