കാനഡ: കസിനോയിലേക്ക് പുറപ്പെട്ട മിനിവാനും സെമി ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലെ ട്രാന്‍സ്-കാനഡ ഹൈവേയിലായിരുന്നു അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാര്‍ബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും മിനിവാന്‍ കത്തിനശിക്കുകയും ചെയ്തു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. സമീപകാലത്ത് കാനഡയിലുണ്ടായ ഏറ്റവും മാരകമായ റോഡപകടങ്ങളില്‍ ഒന്നാണിത്.
ഹൈവേ 1 ലൂടെ പോകുകയായിരുന്ന സെമി ട്രെയിലര്‍, കിഴക്കോട്ടുള്ള വഴി മുറിച്ചുകടക്കുമ്പോള്‍, ഹൈവേ 5 ല്‍ തെക്കോട്ട് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
”ഇതൊരു മാരകമായ അപകടമാണെന്നും ഇങ്ങനെയൊരു അപകടം കനേഡിയന്‍ ചരിത്രത്തില്‍ അപൂര്‍വ്വമാണെന്നും മാനിറ്റോബ ക്രൈം സര്‍വീസ് സൂപ്രണ്ട് റോബ് ലാസണ്‍ പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണര്‍ റോബ് ഹില്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതുപോലെ ബസില്‍ 25 പേര്‍ ഉണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും പ്രായമുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി പ്രാദേശിക മെഡിക്കല്‍ എക്സാമിനര്‍ പരിശോധിക്കുകയാണെന്നും. അദ്ദേഹം പറഞ്ഞു.
രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു.
