മഞ്ചേരി: മകളുടെ നിക്കാഹിനുള്ള അവസാനവട്ട ഒരുക്കത്തിനിടെയിലാണ് അബ്ദുൽ മജീദിന് അപകടത്തിൽ മരണം സംഭവിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ഇരുമ്പുഴിയിലെ വരൻറെ വീടിനടുത്തുള്ള പള്ളിയിൽവെച്ചാണ് ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. വീട്ടുമുറ്റത്ത് പന്തലൊരുക്കി മകളെ യാത്രയാക്കാനുള്ള തയാറെടുപ്പിലായിരുന്നു മജീദ്. ഇതിനിടയിലാണ് വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ മജീദിൻറെ അപ്രതീക്ഷിത മരണം നാടിനെ ദുഖത്തിലാഴ്ത്തിയത്.
അഞ്ചു മക്കളിൽ ഏക മകൾ റിൻഷ മറിയത്തിന്റെ നിക്കാഹാണ് ശനിയാഴ്ച നടക്കേണ്ടിയിരുന്നത്. ബന്ധുക്കളെയെല്ലാം നിക്കാഹ് ചടങ്ങിന് ക്ഷണിച്ചിരുന്നു. ബിരുദത്തിന് പഠിക്കുന്ന റിൻഷയെ ഇരുമ്പുഴി സ്വദേശിയായ യുവാവാണ് വിവാഹം ചെയ്യുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ പുറത്തുപോയ മജീദ് ഓടിച്ചിരുന്ന ഓട്ടോയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വർഷങ്ങളായി മഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മജീദിനെ കിഴക്കേത്തലയുൾപ്പെടെയുള്ള മഞ്ചേരിയിലെ സമീപപ്രദേശങ്ങളിലുള്ളവർക്ക് സുപരിചതനായിരുന്നു. മഞ്ചേരി ബസ് സ്റ്റാൻഡിന് സമീപമുള്ള യതീംഖാന ഓട്ടോ ട്രാക്കിലാണ് ഓട്ടോ ഇടാറുള്ളത്. അതുകൊണ്ട് തന്നെ കിഴക്കേത്തലയിലുള്ള പരിചയക്കാർ മജീദിനെ തേടിയെത്തും. വെള്ളിയാഴ്ചയും പതിവുപോലെ പരിചയത്തിലാണ് മജീദിനെ വിളിച്ചത്. ആ യാത്രയാണ് ഒരുപാട് പേരുടെ സ്വപ്നങ്ങൾ പാതിവഴിയിലാക്കി അഞ്ചംഗ സംഘത്തെ മരണം തട്ടിയെടുത്തത്.
മകളുടെ നിക്കാഹ് ചടങ്ങിനായി ഒരുക്കിയ പന്തലിലേക്കാവും പിതാവിൻറെ ചേതനയറ്റ ശരീരം എത്തിക്കുകയെന്നത് ദുരന്തത്തിൻറെ ആഴം ഇരട്ടിയാക്കി.