ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവ കേരള ബസ്സിനു നേരെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് ഒരു സംഘം അക്രമികള്‍ അടിച്ചു തകര്‍ത്തു. നേതാവിന്റെ ഭാര്യയെയും അക്രമിസംഘം കയ്യേറ്റം ചെയ്തതായി ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ വീടാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. കൈതവനയില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമ സംഭവത്തിന് പിന്നിലെന്ന് ജോബ് ആരോപിച്ചു. അസുഖബാധിതയായി കിടപ്പിലായിരുന്ന ജോബിന്റെ ഭാര്യയെയാണ് സംഘം ആക്രമിച്ചതെന്നും ആരോപണമുണ്ട്. 
കഴിഞ്ഞദിവസം വൈകുന്നേരം 5.30 ഓടെയാണ് പത്തോളം പേര്‍ വരുന്ന ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജോബിന്റെ വീട് ആക്രമിച്ചത് എന്നാണ് ആരോപണം. ആക്രമണം നടക്കുന്ന സമയത്ത് ജോബ് വീട്ടിലുണ്ടായിരുന്നില്ല. ജോബിന്റെ ഭാര്യ ചിന്നമ്മ മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ കടന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജനലുകളും വാതിലുകളും അടിച്ചു തകര്‍ക്കുകയും വീട്ടിലെ സാധനങ്ങള്‍ നിലത്തടിച്ചു തകര്‍ക്കുകയും ആയിരുന്നു എന്നാണ് ആരോപണം. ടിവി സ്റ്റാന്‍ഡ്, സെറ്റി തുടങ്ങിയ ഫര്‍ണിച്ചറുകള്‍ അക്രമിസംഘം തകര്‍ത്തു എന്നും ജോബ് പറയുന്നു. അക്രമം തടയാന്‍ എത്തിയ ചിന്നമ്മയെ സംഘം പിടിച്ചു തള്ളുകയായിരുന്നു എന്നും ആരോപിക്കുന്നു. 
കുട്ടനാട് നവ കേരള വേദിയിലേക്ക് പോകുമ്പോഴാണ് നവ കേരള ബസ്സിനെ കഴിഞ്ഞദിവസം അഞ്ചുമണിയോടെ കൈതവനാ ജംഗ്ഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത്. പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ സമയത്ത് ഉണ്ടായിരുന്നു. ആ സമയം ഇവരെ പൊലീസ് നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചതിന്റെ പ്രതികാരം നടപടിയായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.  അതേസമയം ആലപ്പുഴ ജനറല്‍ ആശുപത്രിക്കു സമീപം കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. . മുഖ്യമന്ത്രിയുടെഅംഗരക്ഷകരും മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. അംഗരക്ഷകര്‍ വാഹനം നിറുത്തിയിറങ്ങി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപിക്കപ്പെടുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ജില്ലാപ്രസിഡന്റ് എ.ഡി.തോമസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആലപ്പുഴയില്‍ നിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ വേദിയിലേക്ക് മുഖ്യമന്ത്രിയും സംഘവും പോകുമ്പോഴായിരുന്നുവൈകിട്ട് 3.30ന് ജന.ആശുപത്രിക്കു മുന്നില്‍ വച്ച് കരിങ്കൊടി കാട്ടിയത്. തോമസിനു പുറമേ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, കെ.എസ്.യു നേതാക്കളായ ധന്‍സില്‍ നൗഷാദ്, വിഷ്ണുപ്രസാദ്, യാസിന്‍ റഫീക്ക് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അഞ്ചുപേരെയും ജന.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed