കൊച്ചി: തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ ആട്ടം പ്രദർശിപ്പിക്കുന്നു. കലാഭവൻ തിയേറ്ററിന് ഉൾക്കൊള്ളാനാവാത്ത വിധം പ്രേക്ഷകർ. പ്രേക്ഷകരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ തിയേറ്റർ ഗേറ്റ് അടച്ചിട്ടു. പറ്റാവുന്നത്ര ആളുകൾ കാണട്ടെ എന്ന് കരുതി സിനിമയുടെ സംവിധായകനും അഭിനേതാക്കളും തങ്ങളുടെ സീറ്റ്‌ ഒഴിഞ്ഞുകൊടുത്തു. അങ്ങനെ ആട്ടം നിറഞ്ഞോടി. രാജ്യാന്തര ചലച്ചിത്രമേളകളിൽ മലയാളത്തിന്റെ അഭിമാനമായ ആട്ടം പിറക്കുന്നത് എറണാകുളത്താണ്. ആട്ടം ഒരു കൂട്ടുകെട്ടിന്റെ കഥയാണ്; സ്വപ്നസാഫല്യത്തിന്റെ അരങ്ങിലെത്തിയ കഥ.
കർണഭാരം ചുമക്കുന്നവർ
2003-2004 കാലഘട്ടം. ഡിഗ്രിക്ക് പഠിക്കുമ്പോൾ ലോകധർമിയിൽ നാടക പരിശീലനത്തിനെത്തിയതാണ് വിനയ് ഫോർട്ട്‌. അതൊരു ഞായറാഴ്ചക്കൂട്ടമായിരുന്നു. നാടകത്തോടുള്ള സ്നേഹം കാരണം സാധാരണക്കാരായ ആളുകൾ വന്നുചേരുന്ന ഇടം. ലോകധർമി സ്ഥാപകൻ പ്രൊഫ. ചന്ദ്രഹാസൻ സംവിധാനം ചെയ്ത ‘കർണഭാരം’ നാടകത്തിലെ അംഗങ്ങൾക്കൊപ്പം വിനയും ചേർന്നു. 11 പേരുടെ കൂട്ടം. നാടകം കളിക്കാനായി ഡൽഹി, മുംബൈ പോകുമ്പോൾ അരങ്ങിൽ ആവശ്യമായ വസ്തുക്കളും കൊണ്ടുപോകണം. അങ്ങനെ ഈ കൂട്ടത്തിന് ‘കർണഭാരം ചുമക്കുന്നവർ’ എന്ന് പേരായി. അന്ന് കർണഭാരം ചുമന്നവർ ഇന്ന് ആട്ടത്തിന് കൂട്ടു ചേർന്നു. വിനയ് ഫോർട്ടിന്റെ ആശയത്തിൽ നിന്നാണ് ആട്ടം രൂപംകൊള്ളുന്നത്.
ആട്ടം ഉണ്ടാകുന്നു
ലോക്‌ഡൗണിനു ശേഷം എല്ലാവരും ചേർന്ന് തട്ടേക്കാട്ടേക്ക് യാത്ര പോയി. അവിടെ വെച്ച് തീരുമാനമെടുത്തു; ‘തങ്ങളുടെ കല, സൗഹൃദം എന്നിവയൊക്കെ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും ചെയ്യണം’. ഒപ്പമുള്ളവർ സിനിമയിലൂടെ അറിയപ്പെടണമെന്ന് വിനയ് ഫോർട്ടിനും ആഗ്രഹം. പതിനൊന്നു പേരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്താലോ എന്ന് ലോകധർമിയിലെ തന്നെ ആർട്ടിസ്റ്റായ ആനന്ദ് ഏകർഷിയോട് ചോദിച്ചു. അപ്പോൾത്തന്നെ ആനന്ദ് വൺ ലൈൻ പറഞ്ഞു. അവിടന്ന് ആട്ടം തുടങ്ങി. 16 മിനിറ്റിന്റെ പൈലറ്റ് എപ്പിസോഡ് ചിത്രീകരിച്ച് ആട്ടത്തിന്റെ നിർമാതാവായ ഡോ. അജിത് ജോയിയെ കാണിച്ചു. അദ്ദേഹത്തിനും പൂർണ സമ്മതം. ആനന്ദ് ഏകർഷിയാണ് ചിത്രം എഴുതി സംവിധാനം ചെയ്തത്.
നാടകക്കാർ കഥാപാത്രങ്ങൾ
അരങ്ങ് എന്ന നാടക ഗ്രൂപ്പുമായി ബന്ധപ്പെട്ട കഥയാണ് ആട്ടം. വിനയ് ഫോർട്ട്‌ ഉൾപ്പെടെ എല്ലാവരും അവരുടെ സ്വന്തം പേരിൽത്തന്നെ അഭിനയിക്കുന്നു. പുറത്തുനിന്നു കലാഭവൻ ഷാജോൺ, നായിക സെറിൻ എന്നിവർ മാത്രം.എറണാകുളത്ത് പലയിടത്തതായി സാധാരണ ജോലി ചെയ്യുന്നവരാണ് മറ്റുള്ളവർ. ലോഡിങ്ങും പച്ചക്കറി വില്പനയും ടൈൽ പണിയും ഓട്ടോ ഓടിച്ചും ജീവിക്കുന്ന ഈ നാടക പ്രവർത്തകരുടെ, സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ആട്ടം.
ബിഗ് സ്ക്രീനിലേക്ക്
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ്‌ ആഞ്ജലിസിൽ ഗ്രാൻഡ് ജൂറി അവാർഡ്, ഐ.എഫ്.എഫ്.കെ.യിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം, മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദർശനം. ജനുവരി അഞ്ചിന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. “ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ഡ്രാമയാണ്.എല്ലാവരെയും പിടിച്ചിരുത്തുന്ന പേസ് ഉള്ള ചിത്രം. തിയേറ്ററിൽ സിനിമ ഏറ്റെടുക്കപ്പെടുക, അതുവഴി മുടക്കിയ പണം നിർമാതാവിന് ലഭിക്കുക എന്നതൊക്കെയാണ് പ്രധാനം. ഒപ്പം അഭിനയിച്ചവർക്ക് നല്ലൊരു ജീവിതം ഉണ്ടാവണം. അവർ സിനിമകൾ ചെയ്ത്, കലാകാരന്മാരായിത്തന്നെ ഇനി ജീവിക്കണം” – വിനയ് ഫോർട്ടിന്റെ വാക്കുകളിൽ സൗഹൃദത്തിന്റെ നിറവ്.

By admin

Leave a Reply

Your email address will not be published. Required fields are marked *