മലപ്പുറം: മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിയോടെ മഞ്ചേരി മെഡിക്കൽ കോളജിലാണ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്കുശേഷമായിരിക്കും ഖബറടക്കം. അപകടം വരുത്തിയ ബസിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്.
അപകടകാരണത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തും. അതേസമയം ഇതേ പ്രദേശത്ത് നേരത്തെയും പലതവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ വൈകീട്ടാണ് മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുകുട്ടികളടക്കം അഞ്ചുപേർ മരിച്ചത്. മഞ്ചേരി-കൊയിലാണ്ടി പാതയിൽ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവർ നാണി എന്നുവിളിക്കുന്ന അബ്ദുൽ മജീദ്, കുടുംബാംഗങ്ങളായ മുഹ്‌സിന, സഹോദരി തസ്നീമ, മക്കളായ ഏഴുവയസ്സുകാരി മോളി, മൂന്നുവയസുകാരി റൈസ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഇന്ന് മജീദിന്‍റെ മകളുടെ നിക്കാഹ് നടക്കാനിരിക്കെയാണ് ഇന്നലത്തെ അപകടമരണം. റോഡിൽ മറ്റൊരു കാർ വരുന്നത് കണ്ട് പെട്ടെന്ന് വെട്ടിച്ച ഓട്ടോയിൽ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ശബരിമലയിൽ പോയി മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed