കൊല്ലം:  തേവലക്കരയില്‍ മരുമകള്‍ ഭര്‍ത്താവിന്റെ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡബിള്‍ എം.എക്കാരിയും ഹയര്‍സെക്കന്‍ഡറി അധ്യാപികയുമാണ് പ്രതി മഞ്ജുമോള്‍.
വൃദ്ധയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മഞ്ജു പഠിപ്പിക്കുന്ന ചവറയിലെ സ്‌കൂളില്‍ നിന്നും അവരെ പുറത്താക്കി. മഞ്ജുവിന്റെ ഭര്‍ത്താവ് ജെയിംസ് മെഡിക്കല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് ജെയിംസ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 
അതേസമയം മര്‍ദ്ദനമേറ്റ ഏലിയാമ്മ ബി.ഡി.എസ് വരെ പഠിച്ചിട്ടുണ്ട്. ഏലിയാമ്മയുടെ മരണപ്പെട്ട ഭര്‍ത്താവ് എന്‍ജിനീയറായിരുന്നു. ഏലിയാമ്മയുടെയും ഭര്‍ത്താവിന്റെയും കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളതാണ്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ഉത്തരവിട്ടിരിക്കുകയാണ്.
കൊല്ലം തേവലക്കര നടുവിലക്കരയില്‍ ഒരു വര്‍ഷം മുമ്പ് നടന്ന ഉപദ്രവത്തിന്റെ ദൃശ്യങ്ങളാണ്  സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. എണ്‍പതുവയസുകാരിയായ ഏലിയാമ്മയെ മരുമകള്‍ മഞ്ജുമോള്‍ മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *