വൈക്കത്ത് മതിൽ ചാടിക്കടന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് കഷ്ടപ്പെട്ട് മോഷണം; കള്ളൻ പെട്ടു, കിട്ടിയത് 225 രൂപ മാത്രം

വൈക്കം: മറവന്‍തുരുത്തില്‍ മൂന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം. അടുത്തടുത്തായി പ്രവര്‍ത്തിക്കുന്ന കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, കുലശേഖരമംഗലം വില്ലേജ് ഓഫീസ്, മറവന്‍തുരുത്ത് പഞ്ചായത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്.
മൃഗാശുപത്രിയില്‍ നിന്നും 225 രൂപ പോയതല്ലാതെ മറ്റ് ഓഫിസുകളില്‍നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു പോലീസ് പറഞ്ഞു. കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിന്റെ രണ്ട് മുറികളുടെയും വാതിലുകള്‍ കുത്തിപ്പൊളിച്ചു. കമ്പിപ്പാര ഉപയോഗിച്ചാണ് വാതിലുകള്‍ കുത്തിപ്പൊളിച്ചതെന്നാണ് പോലീസ് നിഗമനം. അകത്തു കടന്ന മോഷ്ടാവ് ഓഫിസിലെ മേശകള്‍ തുറന്ന് സാധന സാമഗ്രികള്‍ വലിച്ചു പുറത്തിട്ടു.
 

മതിൽ ചാടിക്കടന്ന് മറവന്‍തുരുത്ത് പഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രധാന വാതിലിന്റെ താഴ് തകര്‍ത്താണ് അകത്തു കയറിയത്.  ഡോക്ടറുടെ മുറിയുടെയും താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടറി മേശയില്‍ സൂക്ഷിച്ചിരുന്ന 225 രൂപ അപഹരിച്ച് കടന്നുകളയുകയായിരുന്നു.
കുലശേഖരമംഗലം വില്ലേജ് ഓഫിസിന്റെ ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ പ്രവേശിച്ചത്. താഴ് വില്ലേജ് ഓഫിസിനു സമീപത്തുനിന്നും പോലീസ് കണ്ടെത്തി. ഓഫീസിനുള്ളിലെ മേശകളെല്ലാം പരിശോധന നടത്തി വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
ഇന്നലെ രാവിലെ ഓഫീസുകളില്‍ എത്തിയ ജീവനക്കാരാണ് വാതിലുകള്‍ കുത്തിപ്പൊളിച്ച നിലയിലും താഴ് തകര്‍ത്ത നിലയിലും കണ്ടത്. ഇവര്‍ തലയോലപ്പറമ്പ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പുലര്‍ച്ചെ ശക്തമായ മഴ പെയ്തതിനാല്‍ കാര്യമായ തെളിവുകളൊന്നും പോലീസിനു ലഭിച്ചില്ല. സമീപത്തെ വീടുകളിലെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.  തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *