കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ നാട്ടുകാർ തിരിച്ചെത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്ന് യുവതി

ദാവൻഗരെ: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽനിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണു കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസ് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി ചേർന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും വ്യക്തമായി.കാവ്യയും ബിരേഷും തമ്മിൽ മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു.
ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാൽ ഗ്രാമവാസികൾ ചേർന്നു പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയാറാകുകയും ചെയ്തു. അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുട്ടിയുണ്ട്.
എന്നാൽ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്നു ബിരേഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ടെറസിന്റെ മുകളിൽനിന്നു വീണു മരിച്ചതെന്നാണു കാവ്യ എല്ലാവരോടും പറഞ്ഞിരുന്നതെങ്കിലും തുടരന്വേഷണത്തിൽ സത്യം പുറത്തുവരുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *