യാത്രയുടെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനാവാതെ ശബരിമല തീര്‍ത്ഥാടനം പാതിവഴിയേ നിര്‍ത്തി മടങ്ങിയവർ ഇത്തവണ ഏറെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് മിതമായ സൗകര്യങ്ങളെങ്കിലും ഒരുക്കേണ്ടത് അനിവാര്യമാണ്. ഇതിനെല്ലാം ബൃഹത്തായ ഒരു വികസന പദ്ധതി തയ്യാറാക്കി കേന്ദ്ര സഹായം തേടുകയല്ലാതെ വേറൊരു വഴിയില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ നടപടികളാണ് വേണ്ടത്. മലയിറങ്ങുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി നീക്കാനും കൃത്യമായ പദ്ധതി വേണം. സര്‍ക്കാരിനു മാത്രമേ ഇതു കഴിയൂ. കേന്ദ്രത്തിനും സംസ്ഥാനത്തിനും – മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

Byadmin

Dec 14, 2023

ഓരോ തീര്‍ത്ഥാടനത്തിനും അതിന്‍റേതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. വളരെ പ്രസിദ്ധിയാര്‍ജിച്ച തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള യാത്ര പലപ്പോഴും ദുരിതപൂര്‍ണമായിരിക്കും. ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനും വിശ്വാസത്തിലുള്ള ഈശ്വരനെ ദര്‍ശിക്കാനും വേണ്ടി ഏതുതരം കഷ്ടപ്പാടുകള്‍ സഹിക്കാനും ഭക്തര്‍ തയ്യാറാവുകയും ചെയ്യും.
ശബരിമലയിലേയ്ക്കുള്ള തീര്‍ത്ഥാടനം ഇതുപോലെ അങ്ങേയറ്റം ദുഷ്കരമായ ഒരു നീണ്ട യാത്രയാണ്. കാനന വഴികളിലൂടെയാണു യാത്ര. അതും ചെങ്കുത്തായ വഴികളിലൂടെ. വഴികള്‍ മിക്കതും ഒറ്റയടിപ്പാതകള്‍ തന്നെ.
വന്യമൃഗങ്ങള്‍ ഏറെയുള്ള കാടുകള്‍ക്കു നടുവില്‍ മലമുകളിലാണ് അയ്യപ്പന്‍റെ വാസം. വനത്തിലൂടെ കഷ്ടപ്പെട്ടു നടന്നും കുത്തനെയുള്ള കയറ്റം കയറിയും ശബരിമലയുടെ നെറുകയിലെത്തിപ്പെടുന്ന ഏതൊരു അയ്യപ്പ ഭക്തനും നടന്നു വന്ന വഴികളില്‍ നേരിട്ട കഷ്ടതകളെയും ബുദ്ധിമുട്ടുകളെയും പാടേ മറക്കും.

ഭക്തിയോടെ ശരണം വിളിച്ച് പതിനെട്ടാം പടി ചവുട്ടിക്കയറി ഭഗവാന്‍റെ തിരുമുഖം ഒരുനോക്കു കണ്ട് വണങ്ങിക്കഴിഞ്ഞാല്‍ എല്ലാ പ്രയാസവും തീരും. നീണ്ട യാത്ര നല്‍കിയ വേദന സ്വയം അലിഞ്ഞു പോകും.
ഇത് പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്താന്‍ കഴിയുന്നവര്‍ നേടുന്ന സായൂജ്യത്തിന്‍റെ കാര്യം. യാത്രയുടെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനാവാതെ തീര്‍ത്ഥാടനം പാതിവഴിയേ നിര്‍ത്തി മടങ്ങിയവരുടെ കാര്യമോ ? തീവ്രമായ വ്രതമനുഷ്ഠിച്ച് കഷ്ടപ്പാടുകളെല്ലാം സഹിച്ച് അതികഠിനമായ വഴികളിലൂടെ യാത്രചെയ്ത് പ്രതിസന്ധികളെയും തടസങ്ങളെയും നേരിട്ടും പിടിച്ചുനില്‍ക്കാനായവര്‍ ഈ വര്‍ഷം ഏറെയാണ്.

കുറെ പേരെങ്കിലും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങുകയും ചെയ്തു. ഇത് നിര്‍ഭാഗ്യകരം തന്നെയാണ്

കൊടും കാടുകളിലൂടെയാണ് പമ്പയിലേയ്ക്കും സന്നിധാനത്തിലേയ്ക്കുമുള്ള വഴികള്‍. ഇവയൊക്കെയും ഇടുങ്ങിയവ തന്നെയാണ്. മലകള്‍ ചവുട്ടിക്കയറിത്തന്നെ പോകണം. കൂട്ടമായി ഇതുവഴി യാത്ര പറ്റില്ലെന്നര്‍ത്ഥം. നിലയ്ക്കല്‍ നിന്നു പമ്പ വരെ കെഎസ്ആര്‍ടിസി ബസുകളുണ്ട്. പക്ഷെ ജനത്തിരക്കു ക്രമാതീതമാകുമ്പോള്‍ ഈ ബസുകള്‍ പോരാതെ വരുന്നു. ഉള്ള ബസുകളില്‍ അയ്യപ്പഭക്തരെ തിക്കി നിറച്ചുകൊണ്ടാണ് ബസുകള്‍ പോവുക.
ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുറമെയും. നിബിഢ വനങ്ങളുടെ ഉള്ളിലുള്ള ശബരിമല ക്ഷേത്രത്തിലേയ്ക്കു കടന്നു ചെല്ലാനും സുഗമമായി അയ്യപ്പനെ ദര്‍ശിക്കാനും കഴിയണമെന്നില്ല. യാത്രയിലും താമസത്തിലുമെല്ലാം വലിയ സൗകര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടല്ല അയ്യപ്പ ഭക്തര്‍ ശബരി മലയില്‍ എത്തുന്നത് എന്ന കാര്യവും ശ്രദ്ധിക്കണം.
പക്ഷെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് മിതമായ സൗകര്യങ്ങളെങ്കിലും ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ശബരി മലയിലേയ്ക്കുള്ള വഴികളോടു ചേര്‍ന്നു തന്നെ അയ്യപ്പ ഭക്തര്‍ക്കു വിശ്രമിക്കാനും വേണമെങ്കില്‍ ഉറങ്ങാനും കുളിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കണം.

കോട്ടയത്തുനിന്ന് എരുമേലി വഴിയും തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിന്ന് കോഴഞ്ചേരി, പത്തനംതിട്ട, വടശേരിക്കര വഴിയും പമ്പയിലേയ്ക്കു പോകാം. അന്യ സംസ്ഥാനത്തുനിന്നുള്ള ഭക്തര്‍ പ്രധാനമായും കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണിറങ്ങുന്നത്.
ഈ കേന്ദ്രങ്ങളും പന്തളം എന്ന പ്രധാന കേന്ദ്രവും ചേര്‍ന്നാല്‍ ശബരി മലയിലേയ്ക്കുള്ള വഴികളുടെ ഒരു ശ്രുംഘലയായി. ഈ ശ്രുംഘല കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള വിശ്രമ കേന്ദ്രങ്ങളും താമസ സൗകര്യങ്ങളും ഹോട്ടലുകള്‍ തന്നെയും നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികളെയും ഏജന്‍സികളെയും ചുമതലപ്പെടുത്തുകയാണു അഭികാമ്യം. ഈ പ്രദേശങ്ങളിലെ റോഡുകള്‍ മെച്ചപ്പെടുത്തുകയും വേണം. 
തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കോഴഞ്ചേരി, പത്തനംതിട്ട, വടശേരിക്കര വഴി നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലൂടെയുള്ള റോഡുകളുടെ വീതി കൂട്ടി യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും വേണം. പലേടത്തുമായി ചെറുതും വലുതുമായ വിശ്രമ കേന്ദ്രങ്ങളും പണിതാല്‍ ശബരിമല തീര്‍ത്ഥാടനം കുറേകൂടി എളുപ്പമാക്കം.

വിശദമായൊരു പദ്ധതിയാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുകയാണു വേണ്ടത്. ബൃഹത്തായ ഒരു വികസന പദ്ധതി തയ്യാറാക്കി കേന്ദ്ര സഹായം തേടുകയല്ലാതെ വേറൊരു വഴിയില്ല

ശബരിമലയിലേയ്ക്കു തീര്‍ത്ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. മുമ്പ് മണ്ഡല വിളക്കു ദര്‍ശന സമയത്ത് മണ്ണിടിഞ്ഞു വീണ് വലിയ അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.
വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എപ്പോഴും ശാസ്ത്രീയമായ നടപടികള്‍ തന്നെ വേണം. ദര്‍ശനം കഴിഞ്ഞു മലയിറങ്ങുന്ന തീര്‍ത്ഥാടകരെ എത്രയും വേഗം ആ പ്രദേശങ്ങളില്‍ നിന്നു നീക്കാനും കൃത്യമായ പരിപാടികള്‍ ഉണ്ടായിരിക്കണം. സര്‍ക്കാരിനു മാത്രമേ ഇതു കഴിയൂ. കേന്ദ്രത്തിനും സംസ്ഥാനത്തിനും.
ഉയര്‍ന്നവനെന്നും താണവനെന്നുമുള്ള വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാര്‍ക്കും ഒരുപോലെ കടന്നു ചെല്ലാന്‍ കഴിയുന്ന ശബരിമല കേരളത്തിന്‍റെ അഭിമാനമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *