കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. നബീസ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഷബ്നയുടെ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ അറസ്റ്റ് ചെയ്തിരുന്നു. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി.സിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
ഇതിന് പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഷബ്നയുടെ ഭര്‍തൃപിതാവും സഹോദരിയും നിലവില്‍ ഒളിവിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷബ്നയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.