(ചാവക്കാട്) തൃശൂർ – തലവേദനക്ക് ഇൻജക്ഷനെടുത്ത എഴുവയസ്സുകാരന്റെ കാൽ തളർന്നതായി പരാതി. കുടുംബത്തിന്റെ പരാതിയിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കി് പോലീസ് കേസെടുത്തു.
ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാലയൂർ സെന്റ് തോമസ് എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും പാലയൂർ നാലകത്ത് കാരക്കാട് ഷാഫിൽ-ഹിബ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്.
തലവേദനയെ തുടർന്ന് മാതാവ് ഹിബയോടൊപ്പമാണ് കുട്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് കുട്ടിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കൈയിൽ വീർപ്പുണ്ടാകുകയും വേദന അനുഭവപ്പെടുകയും ചെയ്‌തെന്നും ആൺ നഴ്‌സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും പിന്നീട് മാതാവ് പോയി പറഞ്ഞശേഷമാണ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു. ശേഷം അരക്കെട്ടിൽ ഇടതുഭാഗത്തായി രണ്ടാമത്തെ കുത്തിവെപ്പും നടത്തി. അതോടെ കുട്ടിയുടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെടുകയായിരുന്നു. എണീറ്റ് നടക്കാനാവാതെ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തതിനെ തുടർന്ന് മാതാവ് വീണ്ടും ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. കൈയിൽ വീക്കമുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നൽകിയ ഡോക്ടർ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് വിടുകയായിരുന്നു. വീട്ടിലെത്തിയിട്ടും വേദനക്ക് മാറ്റമില്ലാതെ വന്നതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരുന്ന് മാറിയതോ കുത്തിവെപ്പ് ഞരമ്പിൽ കൊണ്ടതോ ആവാം കാലിലെ തളർച്ചയ്ക്കു കാരണമായി് പറയുന്നത്.
കഠിനമായ വേദന കാരണം, കാൽപാദം അനക്കാവാത്തതിനാൽ കുട്ടിക്ക് ഇപ്പോൾ സ്‌കൂളിൽ പോവാനോ നടക്കാനോ പറ്റാത്ത സ്ഥിതിയാണെന്ന് മാതാപുതാക്കൾ അറിയിച്ചു. ഉപജില്ല സ്‌കൂൾ കായികമേളയിൽ ഓട്ടത്തിന് കുട്ടി സ്‌കൂളിനെ പ്രതിനിധീകരിച്ചിരുന്നു. സംഭവത്തിൽ ചാവക്കാട് പോലീസ്, ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയതായി രക്ഷിതാക്കൾ അറിയിച്ചു. ഡി.എം.ഒ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായാണ് വിവരം.
2023 December 14KeralaCASE AGAINST DR. AND NURSEThrissurtitle_en: The leg of the child who received an injection for a headache went numb; Case against doctor and nurse