തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭാ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ അമ്പലത്തിലകത്തിനെ തെരഞ്ഞെടുത്തതായി എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ഡോ. എസ്. അഹ്‌മദ്‌  അറിയിച്ചു. 
ഒരു മികച്ച അധ്യാപിക എന്നതിലുപരി കലാ സാംസ്‌കാരിക രംഗങ്ങളിലും ഗ്രന്ഥ രചനയിലുമുള്ള ജാസ്മിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ജനുവരി 11 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് അവാര്‍ഡ് സമ്മാനിക്കും. 
കണ്ണൂര്‍ ജില്ലയില്‍ പരേതനായ ചിറക്കല്‍ കെ.പി അബ്ദുള്‍ ഖാദര്‍ ഗുരുക്കളുടേയും ഖദീജ അമ്പലത്തിലകത്തിന്റെയും മകളായ ജാസ്മിന്‍ കണ്ണൂര്‍ ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍, ഇസ് ലാഹിയ അറബിക് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, കണ്ണൂര്‍ ഗവ: ടീച്ചര്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയാണ് അധ്യാപന രംഗത്തേക്ക് കടന്നത്.
വളപട്ടണം ഗവ: ഹൈസ്‌ക്കൂള്‍, കണ്ണൂര്‍ ജെം ഇന്റര്‍നാഷ്ണല്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ പത്തു വര്‍ഷത്തോളം ജോലി ചെയ്ത ജാസ്മിന്‍ 2015 ലാണ് ഷാര്‍ജയിലെത്തിയത്. 3 വര്‍ഷം അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ സേവനം ചെയ്ത ജാസ്മിന്‍ 2019 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപികയാണ്. ഹൈസ്ക്കൂൾ കാലം തൊട്ട് കഥകളും കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയ ജാസ്മിന്‍ 2017 ലാണ് ദ്രന്ഥ രചനയിലേക്ക് തിരിഞ്ഞത്. 
വൈകി വീശിയ മുല്ലഗന്ധം (കവിതാ സമാഹാരം 2017 ), മകള്‍ക്ക് – കാവ്യസമാഹാരം (എഡിറ്റര്‍ 2018) , കാത്തുവെച്ച പ്രണയമൊഴികള്‍ (കവിതാ സമാഹാരം 2019), ആലമീ (അയ്യപ്പന്‍ അടൂര്‍ എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ ‘എന്റെ ലോകം’ എന്ന കവിതാ സമാഹാരത്തിന്റെ അറബിക് തര്‍ജ്ജമ 2019), ശൂന്യതയില്‍ നിന്നും ഭൂമി ഉണ്ടായ രാത്രി (കവിതാ സമാഹാരം 2021), രാക്കിളിപ്പേച്ച് (കവിതാസമാഹാരം 2023), സൈകതഭൂവിലെ അക്ഷരോത്സവം (എഡിറ്റര്‍ 2023) എന്നിവയാണ് പ്രധാന രചനകള്‍. 
ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള ജാസ്മിന്‍ നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകയുമാണ്. പ്രേം നസീര്‍ സാഹിത്യ പുരസ്‌ക്കാരം 2023 (രാക്കിളിപ്പേച്ച് കവിതാ സമാഹാരം, യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം – യങ് ഓഥര്‍ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരം 2021(ശൂന്യതയില്‍ നിന്ന് ഭൂമി ഉണ്ടായ രാത്രി), ഷാര്‍ജ യുവകലാസാഹിതി – സി.കെ.ചന്ദ്രപ്പന്‍ സ്മാരക പുരസ്‌ക്കാരം 2020 (കവിത – ഒന്നാം സ്ഥാനം യു.എ.ഇ), പാം അക്ഷരത്തൂലികാ പുരസ്‌ക്കാരം 2019 , കവിത – ഒന്നാം സ്ഥാനം (യുഎഇ) , യുഎഫ്കെ അസ്‌മോ പുത്തഞ്ചിറ പുരസ്‌ക്കാരം 2019, കവിത – ഒന്നാം സ്ഥാനം (യുഎഇ), കേരള സാഹിത്യ അക്കാദമി കഥാരചന മത്സരത്തില്‍ പ്രത്യേക സമ്മാനം 2015, കണ്ണൂര്‍ ആകാശവാണി അങ്കണം പുരസ്‌ക്കാരം 2005. കവിത – മൂന്നാം സ്ഥാനം എന്നിവയാണ് പ്രധാന പുരസ്‌കാരങ്ങള്‍.
അഞ്ചോളം മലയാള ഗാന-ആല്‍ബങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഭര്‍ത്താവ് സമീര്‍ ദുബായിയില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു. ഷഹ്‌സാദ്, ജന്നത്ത് എന്നിവരാണ് മക്കള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *