ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയ്ക്ക് യെമനില്‍ പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചു. 
നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാരോപിക്കുന്ന യെമെന്‍ സ്വദേശിയുടെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്താന്‍ സൗകര്യമൊരുക്കണമെന്നായിരുന്നു നിമിഷയുടെ കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത് എന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ പ്രവർത്തകനും വേൾഡ് മലയാളി സെക്രട്ടറി ജനറലും ആയ ദിനേശ് നായർ പറഞ്ഞു.  
യെമനുമായി നയതന്ത്രബന്ധങ്ങള്‍ കുറവായതിനാല്‍ അവിടെ എത്തി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന നിലപാടായിരുന്നു  വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിരുന്നത്. 
കോടതി ഉത്തരവുവന്നതോടെ, നിമിഷപ്രിയയുടെ അമ്മയെ എങ്ങനെ യെമനില്‍ എത്തിക്കാം എന്നതിനെകുറിച്ചും അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചുമുള്ള നടപടികളിലേക്ക് വിദേശകാര്യമന്ത്രാലയം കടക്കും. 
കൂടെ യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് നിമിഷ പ്രിയയുടെ അമ്മയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 
യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്  സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൌൺസിൽ കൺവീനർ ആയ ജയൻ എടപ്പാൾ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed