– മന്ത്രിമാർക്ക് അധിക വകുപ്പുകൾ വീതിച്ചുനൽകിയത് അംഗീകരിച്ചില്ല. തമിഴ്‌നാട്ടിൽ സർക്കാർ-ഗവർണർ പോരിന് പുതുജീവൻ
ചെന്നൈ – തമിഴ്‌നാട്ടിൽ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാറുമായി വീണ്ടും ഇടഞ്ഞ് ഗവർണർ ആർ.എൻ രവി. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നടപടിക്കു പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിൽ ഗവർണർ ഒപ്പുവെച്ചില്ല. കോഴക്കേസിൽ ഇ.ഡി നടപടി നേരിട്ട സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ഗവർണറുടെ ആവശ്യം എന്ന നിലയിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇതോടെ സ്റ്റാലിൻ സർക്കാരും ഗവർണറുമായുള്ള പോരിന് പുതുജീവൻ കൈവന്നിരിക്കുകയാണ്.
ഇ.ഡി അറസ്റ്റിന് പിന്നാലെ ആശുപത്രിയിലായ മന്ത്രി സെന്തിൽ ബാലാജി വഹിച്ചിരുന്ന വകുപ്പുകളിൽ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും, എക്‌സൈസ് വകുപ്പ് ഭവനമന്ത്രി മുത്തിസ്വാമിക്കും കൈമാറിയത് അറിയിച്ചുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കത്ത് ഗവർണർ മടക്കി അയക്കുകയായിരുന്നു. സെന്തിൽ ബാലാജിയുടെ ചികിത്സ കണക്കിലെടുത്താണ് വകുപ്പുകൾ മാറ്റിനൽകുന്നതെന്ന വിശദീകരണവും ഗവർണർക്ക് സ്വീകാര്യമായില്ല. ഗവർണർ ബി.ജെ.പി സർക്കാറിന്റെ വാലാട്ടിയാണെന്ന നിലയിൽ ഏറെ നാളായി തമിഴ്‌നാട്ടിൽ സർക്കാറുമായി നിരന്തരം ഉടക്കിലാണ് കഴിഞ്ഞത്. ഇതിനിടെയാണ് നിലവിലുള്ള മന്ത്രിമാർക്ക് വകുപ്പുകൾ വീതം വെച്ച തീരുമാനം അംഗീകരിക്കാനാവില്ലെന്ന പുതിയ നിലപാടും ഗവർണർ സ്വീകരിച്ചത്. ഇ.ഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര ഭരണത്തിനെതിരേ അതി രൂക്ഷ വിമർശമാണ് എം.കെ സ്റ്റാലിൻ ഇന്ന് ഉയർത്തിയത്. സ്റ്റാലിൻ സർക്കാറിനെ വെള്ളം കുടിപ്പിക്കാനും പൂട്ടാനുമുള്ള നിരന്തര ശ്രമമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. ഗവർണറുടെ പുതിയ നീക്കത്തിനെതിരെയും സർക്കാർ രംഗത്തെത്തി. ഗവർണർ ആർ.എൻ രവി ബി.ജെ.പി ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് മന്ത്രി കെ പൊൻമുടി പ്രതികരിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി പൊൻമുടി പറഞ്ഞു.
അതിനിടെ, ഇ.ഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെ അദ്ദേഹത്തെ ഓമന്തുരാർ ഗവ. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റി. ഹൃദ്രോഗത്തിന് അടിയന്തര ചികിത്സ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ആശുപത്രി മാറ്റത്തിന് കോടതി അനുമതി നൽകിയത്. ആരോഗ്യസ്ഥിതി ഉന്നയിച്ച് ഇടക്കാല ജാമ്യം തേടാനാണ് സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ ശ്രമം. എന്നാൽ മന്ത്രിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
2023 June 15IndiaGovernor rejects Tamil Nadu CM’s recommendationminister senthil balajiMK StalinRN Ravititle_en: Governor rejects Tamil Nadu CM’s recommendation; They also demand Minister Senthil Balaji be fired