കൊച്ചി: നവകേരള സദസ്സ് ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്ന് രൂക്ഷമായി വിമർശിച്ച് കോടതി പറഞ്ഞു.
നാല് കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇത്തരം പരാമർശം ഉണ്ടായത്.
പ്രതികൾക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308ാം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പു ചുമത്താൻ കഴിയുക.
മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസ്സിന്റെ സംഘാടകർ, ഡിവൈഎഫ്ഐക്കാർ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എങ്ങനെ രണ്ടുനീതി നടപ്പാക്കാൻ കഴിയുന്നുവെന്ന് പൊലീസിനോട് കോടതി ചോദിച്ചു.