കണ്ണൂര്‍: ജയിലിൽ നിന്നും കള്ളത്തോക്ക് ഇടപാടുകൾക്ക് നേതൃത്വം നൽകിയതിന് ടി.പി. വധ കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. ഒഞ്ചിയത്തെ ആർ.എം.പി. നേതാവായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ടി.കെ. രജീഷിനെ(38)യാണ് കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്നും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലേക്ക് തോക്കുകൊണ്ടു പോകുന്നത് ടി.കെ. രജീഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. തോക്കു ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദ്യം ചെയ്യാനാണ് കോടതി ഉത്തരവുമായി കര്‍ണാടക പോലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. അതീവ രഹസ്യമായിട്ടാണ് രജീഷിനെ കര്‍ണാടകയിലേക്ക് കൊണ്ടു പോയത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രജീഷ് പിടിയിലാകുന്നത്.
സി.പി.എമ്മിനകത്ത് ടി.കെയെന്നു വിളിപ്പേരുളള ഇയാള്‍ ടി.പി വധക്കേസിലെ നാലാം പ്രതിയാണ്. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യം സ്വദേശിയാണ് രജീഷ്.