ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍. ഇന്ത്യ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവര്‍ ശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു.
സെഞ്ചുറി നേടി പുറത്താകാതെ നിന്ന അസാന്‍ അവൈസ്, അര്‍ധ സെഞ്ചുറി നേടിയ ഷഹ്‌സൈബ് ഖാന്‍, ക്യാപ്റ്റന്‍ സാദ് ബയ്ഗ് എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന്റെ ജയം അനായാസമാക്കിയത്.
ഷാമില്‍ ഹുസൈനെ (8) അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത ഷഹ്‌സൈബ് ഖാന്‍ – അസാന്‍ അവൈസ് സഖ്യം മത്സരം പാകിസ്താന് അനുകൂലമാക്കി.
88 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഷഹ്‌സൈബ് പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ സാദ് ബയ്ഗിനെ കൂട്ടുപിടിച്ച് അവൈസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.