ഇംഫാൽ: മണിപ്പുരിൽ സംഘർഷം രൂക്ഷമായിരിക്കെ ഏക വനിതാ മന്ത്രിയുടെ ഔദ്യോഗിക വസതി തീവച്ച് നശിപ്പിച്ചു. വ്യവസായ മന്ത്രി നെംച കിപ്ജെന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അക്രമികൾ വീടിനു തീയിട്ടത്. ഈ സമയം മന്ത്രി വസതിയിലുണ്ടായിരുന്നില്ല. സുരക്ഷാ സേന സ്ഥലത്തെത്തി അക്രമികൾക്കായി തിരച്ചിൽ നടത്തുകയാണ്. പത്ത് കുക്കി എംഎൽഎമാരിൽ ഒരാളാണ് നെംചെ കിപ്ജെൻ.
24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി ബിരേൻസിങ്ങും നേരിട്ടിറങ്ങിയിട്ടും സംസ്ഥാനത്തിലെ സംഘർഷം അടങ്ങാത്തത് ആശങ്കയുണ്ടാക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമിത് ഷായുടെയും ബിരേൻസിങ്ങിന്റെയും നേതൃത്വത്തില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ പാളിയതോടെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.