പെരുമ്പാവൂർ: എഴുപത്തൊൻപതാം വയസ്സിൽ ബുധനാഴ്ച അന്തരിച്ച കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് കെ. കൃഷ്ണൻനായർ എന്ന കൂവപ്പടിക്കവലയിലെ കുഞ്ഞികൃഷ്ണൻ ചേട്ടൻ സ്‌കൂൾപഠനകാലത്ത് ബാറ്റ്മിന്റൺ കളിയിൽ ഒരു താരമായിരുന്നുവെന്ന കാര്യം അറിയാവുന്നവർ ചുരുക്കം.
1962-63 പഠനകാലയളവിൽ കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിനെ പ്രതിനിധാനം ചെയ്ത സംഘത്തിലെ അംഗമായിരുന്നു കൃഷ്ണൻനായർ. കളിയിലെ മികവിന് സമ്മാനമായി ലഭിച്ച പ്രശംസാപത്രം അദ്ദേഹം ഈ ജീവിതകാലയളവു വരെ സൂക്ഷിച്ചുവച്ചിരുന്നു. കേരളാ സ്‌കൂൾസ് അത്‌ലറ്റിക് അസ്സോസിയേഷനായിരുന്നു സംഘാടകർ.

അന്ന് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല അത്‌ലറ്റിക് അസ്സോസിയേഷന്റെ നേതൃത്വത്തിൽ മത്സരം നടന്നത് കീഴില്ലത്ത്. അക്കാലത്ത് സ്‌കൂളിൽ ബാറ്റ്മിന്റൺ കളിയ്ക്കായി വിശാലമായ കളിയിടവും മികച്ച പരിശീലനവും മറ്റും ഉണ്ടായിരുന്നത് ഓർത്തെടുത്ത് സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഗണപതിവിലാസം സ്‌കൂൾ ജംഗ്‌ഷനിലെ കേശവൻനായരുടെ ചായക്കട എന്ന ഖ്യാതി ഇന്നും നിലനിൽക്കുന്നുണ്ട്. പിതാവായ അദ്ദേഹം മണ്മറഞ്ഞിട് പതിറ്റാണ്ടുകളായിട്ടും പിന്തുടർച്ചയായി മക്കളും ബന്ധുക്കളും ഇന്നും വ്യാപാരരംഗത്തുണ്ട്. കൃഷ്ണൻ നായരും ഭാര്യ കുമാരിയും ചേർന്നായിരുന്നു സ്റ്റേഷനറി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്. 50 വർഷത്തിലേറെയായി ഈ രംഗത്തുണ്ട്.

1963-ൽ കൃഷ്ണൻനായർക്കു ലഭിച്ച പ്രശംസാപത്രം
കൃഷ്ണൻനായരുടെ വിയോഗത്തിൽ കൂവപ്പടിയിലെ വ്യാപാരിസമൂഹവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളും നേരിട്ടെത്തി അനുശോചനം അറിയിച്ചു. വ്യാഴാഴ്ച പതിനൊന്നുമണിയോടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *