തിരുവനന്തപുരം: ഇ-നിയമസഭ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. ഐ.ടി സെക്രട്ടറി ചെയർമാനായ ആറംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.പദ്ധതി പൂർത്തിയാകുന്നത് നീണ്ടുപോകുന്നത് ചൂണ്ടി കാട്ടി സ്പീക്കർ നേരത്തെ കത്ത് നൽകിയിരുന്നു. ഊരാളുങ്കളിലാനാണ് പദ്ധതിയുടെ കരാർ നൽകിയിരുന്നത്.
നിയമസഭയെ പൂർണമായും കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇ-നിയമസഭ. 2019ൽ ഏപ്രിലിൽ തുടങ്ങി 15 മാസത്തിനകം പദ്ധതി പൂർത്തിയാക്കണം എന്നതായിരുന്ന ഊരാളുങ്കലിന് കരാർ നൽകുമ്പോഴുണ്ടായിരുന്ന ധാരണ. എന്നാൽ ആറു തവണ ഇവർക്ക് കാലാവധി നീട്ടിക്കൊടുത്തിട്ടും പദ്ധതി പൂർത്തിയായില്ല. വീണ്ടും കരാർ നീട്ടി ചോദിച്ചതോടെയാണ് സ്പീക്കർ എ.എൻ ഷംസീർ ഇടപെടുകയായിരുന്നു.
വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് സ്പീക്കർ കത്ത് നൽകിയത്. ഐടി വകുപ്പ് നേരിട്ട് പദ്ധതിയുടെ മേൽനോട്ടം വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ ഉള്ളടക്കം. കത്ത് പരിഗണിച്ചാണിപ്പോൾ സർക്കാർ പദ്ധതി പൂർത്തിയാക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്. സമിതിയിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധിയും ഐടി മിഷന്റെയും ഇൻഫോർമാറ്റിക് സെന്ററിന്റെയുമൊക്കെ വിദഗ്ധരും സമിതിയിലുണ്ട്.