ഏഥൻസ്: ഗ്രീസിൽ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 78 പേർ മരിച്ചു. കടലിൽ വീണ നൂറോളം പേരെ രക്ഷപ്പെടുത്തി.
പൈലോസ് തീരത്ത് നിന്ന് 87 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് മാറി അന്താരാഷ്ട്ര സമുദ്രമേഖലയിലാണ് അപകടം സംഭവിച്ചത്. കിഴക്കൻ ലിബിയയിലെ ടൊബ്രൂക്ക് മേഖലയിൽ നിന്ന് ഇറ്റലിയിലേക്ക് അഭയാർഥികളുമായി സഞ്ചരിക്കുകയായിരുന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ 750-ലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈജിപ്ത്, സിറിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും.
അപകടവിവരം അറിഞ്ഞയുടൻ സമീപത്തുണ്ടായിരുന്ന കപ്പലുകളും ഗ്രീക്ക് നാവികസേനാ കപ്പലുകളും രക്ഷാപ്രവർത്തിനത്തിനായി എത്തി. രക്ഷപ്പെടുത്തിയവരെ കലാമറ്റ തീരത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.
