അഹമ്മദാബാദ്: ഗുജറാത്തിൽ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകർന്നു വീണു. മിൻദോല നദിക്ക് കുറുകെ നിർമ്മിച്ച പാലമാണ് തകർന്നു വീണത്. താപി ജില്ലയിലെ മായ്പുർ ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.
പാലം തകർന്നു വീണത് 15ഓളം ഗ്രാമങ്ങളെ ബാധിക്കുമെന്നാണ് സൂചന. 2021ലാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ നീരവ് റാത്തോഡ് പറഞ്ഞു. രണ്ട് കോടി രൂപയാണ് പാലം നിർമ്മാണത്തിനായി വേണ്ടി വന്നത്. പാലം തകർന്നതിനെ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗിക്കാത്ത പാലത്തിന്റെ ചില ഭാഗങ്ങളാണ് തകർന്നതെന്ന് താപി ജില്ല കലക്ടർ വിപിൻ ഗാർഗ് അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉൾപ്പടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
