യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഒരു ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിലെത്തിയെന്ന് വൈറ്റ് ഹൗസ്. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജോണ്‍ ഫിനറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താനായി എത്തിയത്. അമേരിക്കന്‍ മണ്ണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉഭയകക്ഷി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
‘പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജോണ്‍ ഫിനര്‍ നയിക്കുന്ന സംഘം ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായി ചര്‍ച്ച നടത്തും. ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജിയിലെ (ഐസിഇടി) യുഎസ്-ഇന്ത്യ സംരംഭത്തിന്റെ പുരോഗതി ഇരുവരും അവലോകനം ചെയ്യും,’ വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
‘യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യ ഒരു അന്വേഷണ സമിതി രൂപീകരിച്ചതും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതും ഫൈനര്‍ സ്വാഗതം ചെയ്തു,’ പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കന്‍ മണ്ണില്‍ ഒരു സിഖ് വിഘടനവാദിയെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് യുഎസ് കൈകാര്യം ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തക്കെതിരെ(52) യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉള്‍പ്പെടെയുള്ളവരുമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍, ഇന്ത്യന്‍ വംശജനും യുഎസ് പൗരനുമായ ഒരു അഭിഭാഷകനും ചേര്‍ന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ പറയുന്നു.
 കുറ്റം തെളിയിക്കപ്പെട്ടാല്‍, കൊലപാതകം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കും. കൊലപാതകം നടത്താന്‍ ഒരു കൊലയാളിക്ക് 100,000 ഡോളര്‍ നല്‍കാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. അതിനുപുറമെ 2023 ജൂണ്‍ 9ന് 15,000 ഡോളര്‍ മുന്‍കൂറായി നല്‍കിയിരുന്നുവെന്നും  യുഎസ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ പറയുന്നു .
എന്നാല്‍ പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആശങ്കയില്‍ മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യ ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നല്‍കി. വിഷയത്തിന്റെ ഗൗരവവും പ്രസക്തമായ വശങ്ങളും പകണക്കിലെടുത്ത് നവംബര്‍ 18ന് ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് വ്യക്തമാക്കിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *