ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ നെഞ്ചുവേദനയും ആശുപത്രി വാസവും വെറും നാടകമാണെന്ന ആരോപണവുമായി അണ്ണാ ഡിഎംകെ. സെന്തിൽ ബാലാജി നാടകം കളിക്കുകയാണെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആരോപിച്ചു. ധാർമിക ഉത്തരവാദിത്തമെന്ന നിലയിൽ സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘മുൻപ് ഞങ്ങളുടെ നേതാവും മന്ത്രിയുമായിരുന്ന ജയകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ, 20 ദിവസമാണ് ജയിലിലിട്ടത്. അന്ന് അദ്ദേഹത്തെ മരുന്നു കഴിക്കാൻ പോലും അനുവദിച്ചില്ല. സെന്തിൽ ബാലാജി വെറുതെ നാടകം കളിക്കുകയാണ്. അദ്ദേഹം ധാർമികത ഉയർത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവയ്ക്കണം’’ – തമിഴ്നാട് നിയമസഭാ കക്ഷി നേതാവു കൂടിയായ പളനിസാമി ആവശ്യപ്പെട്ടു.
ഇന്നലെ വരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന സെന്തിൽ ബാലാജിക്ക് അറസ്റ്റിനു പിന്നാലെ നെഞ്ചുവേദനയുണ്ടായത് സംശയകരമാണെന്ന് അണ്ണാ ഡിഎംകെ നേതാവ് ഡി.ജയകുമാറും ആരോപിച്ചിരുന്നു. ‘‘ഇന്നലെ വരെ, സെന്തിൽ ബാലാജിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇഡി അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിനു നെഞ്ചുവേദന തുടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാൻ എയിംസിൽനിന്നു ഡോക്ടർമാരെ കൊണ്ടുവരണം’’ – ജയകുമാർ ആവശ്യപ്പെട്ടു.