ആത്മീയ പാതയിലേക്ക് തിരിഞ്ഞ ലെന നടി ലെനയെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കുന്നവർക്കെതിരെ സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്നു പറയുന്ന ആളുകൾക്കാണ് യഥാർഥത്തിൽ കിളി പോയി കിടക്കുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. വലിയ വലിയ കാര്യങ്ങൾ പറയുമ്പോൾ ചിലർക്ക് സഹിക്കില്ലെന്നും ഇതെല്ലാം അസൂയ കൊണ്ടുള്ള വിമർശനമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പ്രജ്യോതി നികേതൻ കോളജിൽ  നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പരാമർശം. 
സുരേഷ് ഗോപിയുടെ വാക്കുകൾ :
‘‘ഞാനിവിടെ 2000–2001 സമയത്ത് വന്നിട്ടുണ്ട്. അന്നിവിടെ ലെന പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുകയാണ്. ലെനയാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പുതുക്കാട് വഴി പോകുമ്പോൾ അതിന്റെ ലാൻഡ്മാർക്ക് കിട്ടിയിരുന്നത് ഈ സ്ഥാപനം കാണുമ്പോഴാണ്. രണ്ടാം ഭാവം പൂർത്തീകരിച്ച്, തെങ്കാശിപ്പട്ടണം സിനിമയുടെ അവസാന രംഗം ചിത്രീകരിച്ച സമയത്ത് കാലിൽ പ്ലാസ്റ്റർ ഇട്ടാണ് അഭിനയിച്ചത്. ആ സമയത്താണ് ഞാൻ ഇവിടെ വരുന്നത്. എല്ലാവരും എന്നെ പിടിച്ചുകൊണ്ടാണ് കൊണ്ടുവന്നത്. 
എനിക്കിപ്പോൾ പറയാനുള്ളത് ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം.
അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോളാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്‌ഷൻ സെക്‌ഷൻ ഇവിടെ വയ്ക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെ. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കത്തില്ല. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. 
ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ഇങ്ങനെയുളള അൻപത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ ഇന്ററാക്‌ഷൻ നടത്തണം. എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed