ഫിലഡൽഫിയ: ഫിലഡൽഫിയ ഇൻ്റർ നാഷണൽ എയർപോർട്ടിൽ നിന്ന് കേരളാ റീജിയണിലേയ്ക്ക്, ഖത്തർ എയർവെയ്സിൻ്റെയും എമിറേറ്റ്സ് എയർലൈനിൻ്റെയും വിമാനസർവീസുകൾക്കു വേണ്ടി, ഫിലഡൽഫിയാ ഇൻ്റർ നാഷണൽ എയർപോർട്ടിൻ്റെ അനുകൂല നിലപാട്, പ്രസ്തുത കമ്പനികളെ അറിയിക്കുമെന്ന്, ഫിലഡൽഫിയാ ഇൻ്റർ നാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസ്സർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെൻ്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ പ്രസ്താവിച്ചു.
ഓർമ്മാ ഇൻ്റർനാഷണൽ നിവേദക സംഘത്തിന് ഫിലഡൽഫിയാ ഇൻ്റർനാഷണൽ എയർ പോർട് പ്ലാസയിൽ ഒരുക്കിയ മീറ്റിങ്ങിലാണ് അധികൃതർ നയം വ്യക്തമാക്കിയത്. ഓർമാ ഇൻ്റർനാഷണൽ പബ്ളിക് അഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേലിൻ്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമാ ഇൻ്റർനാഷനൽ ട്രസ്റ്റീ ബോർഡ് ചെയർ), ജോർജ് നടവയൽ (ഓർമാ ഇൻ്റർനാഷനൽ പ്രസിഡൻ്റ്), അറ്റേണി ജോസഫ് കുന്നേൽ (ഓർമാ ഇൻ്റർനാഷനൽ ലീഗൽ സെൽ ചെയർ), ജോസ് തോമസ് (ഓർമാ ഇൻ്റർനാഷനൽ ടാലൻ്റ് പ്രൊമൊഷൻ ഫോറം ചെയർ), നൈനാൻ മത്തായി( ഓർമാ ഇൻ്റർനാഷനൽ ചാരിറ്റി ആക്ടിവിറ്റീസ് ചെയർ), സജി സെബാസ്റ്റ്യൻ ഷൈലാ രാജൻ എന്നിവർ മീറ്റിങ്ങിൽ ക്ഷണിതാക്കളായി പങ്കെടുത്തു.
ഓർമാ ഇൻ്റർനാഷനൽ നാമ നിർദ്ദേശം ചെയ്ത അറ്റേണി ജോസഫ് കുന്നേലിനെ ഇന്ത്യൻ- മലയാളി- അമേരിക്കൻ സമൂഹത്തിൻ്റെ പ്രതിനിധിയായി, ഫ്ലൈറ്റ് സർവീസ് സുസാദ്ധ്യമാക്കുന്നതിനുള്ള വസ്തുതാ വിവര ഗവേഷണ കാര്യ സമിതിയിൽ, ഫിലഡൽഫിയാ ഇൻ്റർ നാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസ്സർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെൻ്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ അംഗമാക്കി.
തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികൃതർ മണിക്കൂറുകൾ നീണ്ട ചർച്ചയിൽ അറിയിച്ചു. ഫിലഡൽഫിയയുടെ വികസനത്തിന് ഇന്ത്യൻ സമൂഹത്തിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്താണെന്നത് അധികൃതർ ഊന്നിപ്പറഞ്ഞു. സൗത്ത് ഏഷ്യൻ രാജ്യങ്ങളുമായും ഇന്ത്യൻ ഉപഭൂഖണ്ഡവുമായും മിഡിൽൽ ഈസ്റ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ട വ്യോമയാന റൂട്ടിലൂടെയുള്ള വിവിധ കണക്ഷൻ ഫ്ളൈറ്റുകളെ ആശ്രയിച്ച്, യാത്രാവശ്യങ്ങൽ നിർവഹിക്കുന്ന പെൻസിൽവേനിയാ, ഡെലവെയർ, മെരിലാൻ്റ്, ന്യൂജേഴ്സി എന്നീ ദേശങ്ങളിലെ വ്യോമയാത്രികരുടെ എണ്ണത്തിലെ വർദ്ധനയും, അവർ ന്യൂ യോർക്ക്, നെവാർക്ക് എയർ പോർട്ടുകളെ ആശ്രയിക്കേണ്ടി വരുന്നതുമൂലമുള്ള സമയ- ട്രോൾ-യാത്രാ ക്ളേശങ്ങളും, ഫിലഡൽഫിയക്കു അതു മൂലമുണ്ടാകുന്ന നഷ്ടങ്ങളും കണ്ടില്ലെന്നു നടിയ്ക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാണിച്ചു.
ഫീൽഡൽഫിയാ പരിസരങ്ങളിലുള്ള അന്താരാഷ്ടാ നിലവാരത്തിലുള്ള സർവകലാശാലകൾ, ഹെകൽത്ത്കെയർ സംവിധാനങ്ങൾ, ടൂറിസ കേന്ദ്രങ്ങൾ, വ്യവസ്സായ കേന്ദ്രങ്ങൾ , തീർഥാടന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, കലാ കേന്ദ്രങ്ങൾ, ചരിത്ര പ്രധാന സ്ഥലങ്ങൾ എന്നിങ്ങനെ അനവധി ഘടകങ്ങളുടെ പ്രസക്തിയും പ്രാധാന്യവും, വിദേശ വിദ്യാർത്ഥികളുടെയും ഹെൽത്ത്കെയർ ആവശ്യക്കാരുടെയും ഫിലഡൽഫിയയിലേയ്ക്കുള്ള യാത്രാവശ്യ വർദ്ധനവും ഇന്ത്യാ ഭൂഖ്ണവുമായുള്ള ബിസിനസ് ഇറക്കുമതികളും, സഹായകമാണെന്ന് മീറ്റിങിൽ ഓർമാ പ്രതിനിധികൾ പറഞ്ഞു.